ഗുരുവായൂർ ക്ഷേത്രവികസനത്തിന് മാസ്റ്റർ പ്ലാൻ, ഫേസ് ആപ്പ് സംവിധാനം ഉടൻ നടപ്പിലാകും

ഗുരുവായൂർ : ഭക്തർക്ക് സുഖദർശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എൽ &റ്റി ( ലാർസൻ ആൻ്റ് ടുബ്രോ) കമ്പനിയുമായി ഗുരുവായൂർ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്നും മാസ്റ്റർ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നൽകാനുള്ള സന്നദ്ധതയും എൽ &റ്റി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗുരുവായൂരിൽ ദേവസ്വം പൂന്താന ദിന സാംസ്കാരിക സമ്മേളനവും ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ക്യൂ കോപ്ലക്സ് പൂർത്തിയാകുന്നതുവരെ ക്ഷേത്ര ദർശനം വേഗത്തിലാക്കാൻ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. വരിനിൽക്കുന്ന ഭക്തർക്ക് സുഗമമായ ദർശനത്തിന് ഈ സൗകര്യം സഹായകമാകും. ദർശനത്തിന് കാത്തിരിക്കുന്നവർക്ക് ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന കീർത്തനങ്ങളും പാട്ടുകളും കേൾക്കാനുള്ള സംവിധാനവും കിഴക്കേ നടയിൽ ലഭ്യമാക്കും. ഇതര ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വം നിലപാട് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. 2023, 2026 വർഷങ്ങളിലെ ജ്ഞാനപ്പാന പുരസ്കാരങ്ങൾ യഥാക്രമം പ്രൊഫ.വി.മധുസൂദനൻ നായർ, വൈക്കം രാമചന്ദ്രൻ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. എൻ.കെ അക്ബർ എം എൽ എ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, മനോജ് ബി നായർ എന്നിവർ സന്നിഹിതരായി. അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.വി.ആർ.മുരളീധരൻ പുരസ്കാര സ്വീകർത്താക്കളെ പരിചയപ്പെടുത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ സ്വാഗതവും സി.മനോജ് നന്ദിയും പറഞ്ഞു.
14 ജില്ലകളിലെ 15 21 ക്ഷേത്രങ്ങൾക്കും 9 വേദപാo ശാലകൾക്കുമായി പത്തുകോടിയോളം രൂപയുടെ ധനസഹായം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. പൂന്താന ദിനാഘോഷ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി

Comments are closed.