mehandi banner desktop

എടക്കഴിയൂരിലെ അപകടക്കെണി; പരാതി നൽകിയിട്ടും നടപടിയില്ല – ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയ്‌ക്കെതിരെ ജനരോഷം

fairy tale

​ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് സ്കൂളിന് സമീപം കേരള ബാങ്കിന് മുൻവശത്തായി സർവീസ് റോഡിൽ രൂപപ്പെട്ട വലിയ കുഴി അധികൃതർ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴി യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ തുറന്നു കിടക്കുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ചാവക്കാട് ഓൺലൈൻ ഈ അപകടാവസ്ഥയെക്കുറിച്ച്  വിശദമായ വാർത്ത നൽകിയിരുന്നു.  അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ല.

planet fashion

​ഈ വിഷയത്തിൽ പ്രദേശത്തെ വാർഡ് മെമ്പർ സലീം ആച്ചപ്പുള്ളി പലതവണ ദേശീയപാത അതോറിറ്റി അധികൃതർക്ക് നേരിട്ട് പരാതി നൽകിയിട്ടും നടപടികൾ ഫയലിലൊതുങ്ങുകയാണ്. പാതയിലെ മറ്റു ഭാഗങ്ങളിലെ കുഴികൾ മൂടിയെങ്കിലും ഈ ഭാഗത്തെ കുഴി മാത്രം അധികൃതർ ബോധപൂർവ്വം അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിലവിൽ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിൽ വലിയ വാഹനങ്ങൾ വരുമ്പോൾ സൈഡ് കൊടുക്കുന്ന ചെറിയ വാഹനങ്ങൾ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ നിരവധി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.

​രാവിലെയും വൈകുന്നേരവും സ്കൂൾ കുട്ടികൾ പതിവായി യാത്ര ചെയ്യുന്ന ഈ ഭാഗത്തെ അപകടാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ രീതി വലിയ ദുരന്തത്തിന് വഴിമരുന്നിടുമെന്നാണ് ആശങ്ക. രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കാരണം കുഴി ശ്രദ്ധയിൽപ്പെടാത്തത് അപകടസാധ്യത ഇരട്ടിയാക്കുന്നു. നടപടി വൈകുന്ന പക്ഷം ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Comments are closed.