mehandi banner desktop

വോട്ടിനു കിറ്റ് – സംഘർഷം, കയ്യാങ്കളി, അറസ്റ്റ്

fairy tale

വാടാനപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണെന്നാരോപിച്ച് വാടാനപ്പള്ളിയിൽ പലചരക്ക് ഗോഡൗണിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ തള്ളികയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രണ്ട് തവണ പൊലീസുമായും ഉന്തുംതള്ളും നടത്തിയ എൽ .ഡി . എഫ് യു.ഡി.എഫ് പ്രവർത്തകർ രണ്ടുതവണ ബി.ജെ.പി പ്രവർത്തകരുമായും കൈയ്യാങ്കളി നടത്തി. സംഘർഷത്തിൽ യു.ഡി. എഫ് സ്ഥാനാർഥി ടി.എൻ പ്രതാപന് നേരെ കൈയ്യേറ്റവും നടന്നു. യു.ഡി.എഫ് – ബി.ജെ.പി പ്രവർത്തകർ പരസ്പ്പരം പോർവിളി നടത്തിയത് അഞ്ച് മണിക്കൂറോളമാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

planet fashion

ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് കിറ്റ് വിതരണ ആരോപണവുമായി ഡി. സി. സി സെക്രട്ടറിയും തളിക്കുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റുമായ സി. എം നൗഷാദ് രംഗത്ത് വന്നത്. കാറിൽ യാത്ര പോകുമ്പോൾ വാടാനപ്പള്ളി ഹരിത നഗറിന് വടക്കുള്ള പലചരക്ക് മൊത്ത കച്ചവട സ്ഥാപനമായ ചാമ്പ്യൻ ട്രേഡേഴ്സ് ഗോഡൗണിൽ മുടക്ക് ദിവസമായ ഞായറാഴ്ച 15 ഓളം വരുന്ന തൊഴിലാളികളെ കണ്ടതാണ് സംശയം ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസം ഒളരിയിൽ കിറ്റ് വിതരണം നടന്നതും സംശയത്തിന് കാരണമായി.തുടർന്ന് ബി.ജെ.പി നേതാവ് ഭഗീഷ് പൂരാടൻ്റെ കാർ ഗോഡൗണിലേക്ക് തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതോടെ നൗഷാദ് തൊഴിലാളികളോട് കിറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ സ്വാന്തനം എന്ന കാരുണ്യ സംഘടനക്കായി നൽകാനുള്ള കിറ്റ് ആണെന്നാണ് തൊഴിലാളികൾ അറിയിച്ചത്. ഇതോടെ നൗഷാദ് സ്വാന്തനവുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ ആരോടും കിറ്റ് ആവശ്യപ്പെട്ടില്ലെന്ന് അറിയിച്ചു. ബഹളമായതോടെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റും നടനുമായ ദേവനും ഭഗീഷും പുറത്തുവന്നു. ഇതോടെ വിവരമറിഞ്ഞ് യു.ഡി.എഫ് , എൽ ഡി . എഫ് നേതാക്കളും പ്രവർത്തകരും പാഞ്ഞെത്തി. പൊലിസും സ്ഥലത്ത് എത്തി ഗോഡൗണിൻ്റെ ഗെയ്‌റ്റ് അടച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയ ബി. ജെ.പി നേതാക്കളേയും ഗോഡൗൺ ഉടമയേയും അറസ്റ്റ് ചെയ്യണമെന്നും കിറ്റുകൾ പിടികൂടി ഗോഡൗൺ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ് , യു. ഡി ..എഫ് പ്രവർത്തകർ മുദ്രവാക്യം വിളിച്ച് ഗെയ്റ്റ് തള്ളി തുറക്കാൻ ശ്രമിച്ചതോടെ ആറോളം വരുന്ന പൊലിസ് തടഞ്ഞു .ഇതോടെ അവരെ തള്ളി മാറ്റി പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചത് പൊലിസുമായി ഉന്തും തള്ളിലും കലാശിച്ചു. പിന്നീട് ചാനൽ പ്രവർത്തകർ എത്തിയപ്പോൾ ഗെയ്റ്റിന് ഉള്ളിലേക്ക് കടക്കുന്ന സമയത്തും പൊലീസുമായി പ്രവർത്തകർ ഉന്തുംതള്ളും നടത്തി. പിന്നിട് വിവരമറിഞ്ഞ് ബി.ജെ.പി. പ്രവർത്തകർ എത്തി അകത്തേക്ക് കയറിയതോടെ സംഘടിച്ചിരുന്ന യു.ഡി.എഫ്. എൽ.ഡി.എഫ് പ്രവർത്തകരുമായി കൈയാങ്കളിയായി. ഇതോടെ പൊലിസ് ഇടപെട്ട് ശാന്തരാക്കി.

പരാതി പ്രകാരം മൂന്നുമണിക്കൂർ കഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചുമതലയുള്ള ഉദ്യാഗസ്ഥൻ സ്ഥലത്തെത്തി. തുടർന്ന് മണലൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടി. എൻ പ്രതാപനും എൽ.ഡിഎഫ് സ്ഥാനാർഥി പ്രഫ : സി രവീന്ദ്രനാഥും സ്ഥലത്തെത്തി. തുടർന്ന് കൂടുതൽ ബി.ജെ.പി പ്രവർത്തകരും സംഘടിച്ചെത്തി. സ്ഥലം സന്ദർശിച്ച് രവീന്ദ്രനാഥ് പോയ ശേഷം വീണ്ടും കൂട്ട അടിപിടിയായി. സംഘർഷത്തിൽ പൊലീസ് സാന്നിദ്ധ്യത്തിൽ പ്രതാപനെ ബി .ജെ . പി പ്രവർത്തകർ കൈയ്യേറ്റം നടത്തി. തുടർന്ന് കൂടുതൽ പൊലിസ് എത്തിയാണ് സംഘർഷം ഒഴിവാക്കിയത്. മണിക്കൂറോളം യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പരസ്പ്പരം പോർവിളി നടത്തിയും മുദ്രവാക്യവും കൂകി വിളി നടത്തിയും നിലയുറപ്പിച്ചു. ഇതിനിടയിൽ വീടിന് മുകളിൽ നിന്ന് ദേവനും ഭഗീഷും മുദ്രവാക്യം വിളിച്ചതോടെ പൊലീസ് ഇവരെ അകത്തേക്ക് മാറ്റി. സംഘർഷാവസ്ഥക്കിടയിൽ ഗോഡൗൺ ഉടമയെപൊലിസ് കസ്റ്റഡിയിലെടുക്കുകയും സൂക്ഷിച്ചിരുന്ന കിറ്റുകൾ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിനിടയിൽ ഗോഡൗണിലെ സി.സി.ടി.വി കാമറ പരിശോധിച്ച പൊലിസും ഉദ്യോഗസ്ഥരും കിറ്റ് വിതരണത്തിൽ തെളിവില്ലെന്നും ദേവനടക്കം ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യാൻ നിർവാഹമില്ലെന്നും അറിയിച്ചു. ഇതോടെ ഇവരെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതാപനും യു.ഡി.എഫ്. നേതാക്കളും റോഡിൽ കുത്തിയിരിപ്പായി ഇതോടെ പ്രതാപനടക്കമുള്ളവരെ പൊലിസ് അറസ്‌റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദേവനും ഭഗീഷും വൈകിട്ട് 4.45 ഓടെപുറത്തിറങ്ങിയത്. പ്രതാപനെ പൊലിസ് കൊണ്ടുപോകുമ്പോൾ ഒഴിഞ്ഞ കിറ്റുമായി വനിതകളടക്കമുള്ള ബി.ജെ.പി പ്രവർത്തകർ കൂകി വിളിക്കുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതാപനുമായി യു.ഡി.എഫ് പ്രവർത്തകർ പ്രകടനവും നടത്തി. വോട്ടർമാരെ സ്വാധീനിക്കാനാണ് ബി.ജെ.പി കിറ്റുമായി ഇറങ്ങിയതെന്ന് പ്രതാപനും രവീന്ദ്രനാഥും ആരോ പിച്ചു. 4000 കിറ്റുകളാണ് ഒരുക്കിയതെന്ന് കോൺഗ്രസ്, സി.പി.എം നേതാക്കൾ ആരോപിച്ചു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇവർ ആരോപിച്ചു.അതേ സമയം കിറ്റ് ആരോപണത്തിൽ കഴമ്പില്ലെന്ന് നടൻ ദേവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടുംബയോഗത്തിൽ പങ്കെടുക്കാനാണ് താൻ എത്തിയത്. മണലൂരിലും നടുവിൽക്കരയിലുമായി മൂന്ന് യോഗത്തിൽ പങ്കെടുത്ത ശേഷം വിശ്രമിക്കാനാണ് ഇവിടെ എത്തിയത്. തൻ്റെ സുഹൃത്ത് റോഷൻ്റെ സുഹൃത്താണ് ഗോഡൗൺ ഉടമ. അതുകൊണ്ടാണ്എത്തിയത്. മറ്റ് കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന് എൽ. ഡി. എഫും യു.ഡി.എഫും സമാധാനം പറയണമെന്നും ദേവൻ ആവശ്യപ്പെട്ടു.

Comments are closed.