സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടി ചാവക്കാട്, എടമുട്ടം സ്വദേശികൾ

ചാവക്കാട് : തൃശൂരിന്റെ കായിക ഭൂപടത്തിന് അഭിമാനമായി സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടി ചാവക്കാട്ടുകാരനും എടമുട്ടം സ്വദേശിയും. എടമുട്ടം സ്വദേശി മുഹമ്മദ് ഷിഫാനും ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദുമാണ് ഇന്നും നാളെയുമായി ശ്രീലങ്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ ഗ്രൗണ്ട് ഫൈറ്റിൽ ഇന്ത്യക്ക് വേണ്ടി വെള്ളിയും വെങ്കലവും നേടിയത്.

അണ്ടർ 18 വിഭാഗത്തിൽ 63 കിലോ കാറ്റഗറിയിലാണ് മുഹമ്മദ് ഷിഫാൻ വെള്ളി മെഡൽ നേടിയത്. അണ്ടർ 18 വിഭാഗത്തിൽ 48 കിലോ കാറ്റഗറിയിലാണ് നബ്ഹാൻ വിജയം കൊയ്തത്. നാളെ നടക്കുന്ന ജൂടോ ടെക്‌നിക്കായ നെവാസ(ne-waza) മത്സരത്തിലും നബ്ഹാൻ പങ്കെടുക്കുന്നുണ്ട്.
ദേശീയ കോച്ച് ആർ ജെ അൻവർ മരക്കാറുടെ കീഴിൽ വെങ്കിടങ്ങ് എസ് ടി എം എ അക്കാദമിയിൽ നിന്നാണ് ഇരുവരും പരിശീലനം നേടിയത്. ഗാസിയാബാദിലെ ദേശീയ ട്രയൽസിലെ മികച്ച പ്രകടനം ഇരുവർക്കും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു.
ഒരുമനയൂർ വലിയകത്ത് റഷീദിന്റെയും, ഗുരുവായൂർ പഞ്ചാരമുക്ക് മുസ്ലിംവീട്ടിൽ നെസീമയുടെയും മകനായ നബ്ഹാൻ റഷീദ് ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നിന്നും ഈ വർഷം പത്താം തരം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ്.
എടമുട്ടം വലിയകത്ത് ഷജീബിന്റെയും പാലക്കപറമ്പിൽ അനീഷയുടെയും മകനാണ് മുഹമ്മദ് ഷിഫാൻ. ഇരുവരുടെയും നേട്ടത്തിൽ നാടെങ്ങും ആഹ്ലാദത്തിലാണ്.

Comments are closed.