പുന്നയൂർ ശ്മശാനത്തിലെ യന്ത്രത്തകരാർ: മൃതദേഹത്തോടുള്ള അനാദരവെന്ന് യു.ഡി.എഫ്; സമഗ്ര അന്വേഷണത്തിന് പഞ്ചായത്ത് ഭരണസമിതി

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് ശ്മശാനമായ ആലാപാലം സ്മൃതിപഥത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെയുണ്ടായ യന്ത്രത്തകരാറും തുടർന്നുണ്ടായ അനിശ്ചിതത്വവും മുൻ എൽ.ഡി.എഫ് ഭരണസമിതിയുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന് യു.ഡി.എഫ് ഭരണസമിതി ആരോപിച്ചു. എടക്കഴിയൂർ സ്വദേശി പുന്ന വീട്ടിൽ കുട്ടപ്പന്റെ (78) മൃതദേഹം സംസ്കരിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് അത്യന്തം ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറിയത്. ദഹിപ്പിക്കാൻ വെച്ച മൃതദേഹത്തിന്റെ കാലുകൾ മാത്രം കത്തിയ നിലയിൽ യന്ത്രം പ്രവർത്തനരഹിതമാവുകയായിരുന്നു. മൂന്ന് മണിക്കൂറിലധികം മൃതദേഹം പകുതി വെന്ത നിലയിൽ ചേംബറിൽ കിടന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് കാരണമായി. ഒരു പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനകരമായ രീതിയിൽ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭരണകൂടം പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി വലിയ അവകാശവാദങ്ങളോടെ ധൃതിപിടിച്ചാണ് ശ്മശാന മണ്ഡപത്തിന്റെ പണികൾ പൂർത്തിയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം, വൈസ് പ്രസിഡന്റ് ഐ.പി. രാജേന്ദ്രൻ എന്നിവർ പറഞ്ഞു. ഗുണനിലവാരമില്ലാത്ത യന്ത്രസാമഗ്രികൾ വാങ്ങിയതിനും വേണ്ടത്ര പഠനം നടത്താതെ പദ്ധതി നടപ്പിലാക്കിയതിനും പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഉത്തരവാദിത്തമില്ലാത്ത ഏജൻസിയെയാണ് മെഷീനറിയുടെ ചുമതല ഏൽപ്പിച്ചത്. മണിക്കൂറുകൾ വൈകി ഏജൻസി അധികൃതർ എത്തി തകരാർ പരിഹരിച്ചുവെങ്കിലും, അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ കഴിയാത്ത വിധം ദുർബലമായ സംവിധാനമാണ് മുൻ ഭരണസമിതി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. മരിച്ചവരോട് പോലും അനാദരവ് കാണിക്കുന്ന ഇത്തരം ‘അഴിമതി പ്രകടനങ്ങൾ’ അനുവദിക്കില്ലെന്നും നിലവിലെ വീഴ്ചകൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.


Comments are closed.