കേച്ചേരിയിൽ ബൊലേറോയും കാറും കൂട്ടിയിടിച്ച് അപകടം: കുറ്റിപ്പുറം സ്വദേശിയായ യുവാവ് മരിച്ചു, എട്ടുപേർക്ക് പരിക്ക്

കുന്നംകുളം: കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ കൂമ്പുഴ പാലത്തിന് സമീപം ബൊലേറോ ജീപ്പും കാറും കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് പുലർച്ചെ ഒന്നോടെയുണ്ടായ ദാരുണമായ അപകടത്തിൽ കുറ്റിപ്പുറം സ്വദേശി അമ്പാലവീട്ടിൽ മുഹൈമിൻ (24) മരണപ്പെട്ടു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്.കാലടിയിൽ നിന്നുള്ള വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർമാരായ സാലസ് (65), ജയിൻ ട്രീസ (62), ജോസിറ്റ (66), ടെസി (53) എന്നിവർക്കും ഇവരുടെ വാഹനത്തിന്റെ ഡ്രൈവർ സെക്കീർ (50) എന്നിവർക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കൂടാതെ, മറ്റേ കാറിലുണ്ടായിരുന്ന യാത്രക്കാരായ മുഫളിൽ, ബാസിത്ത്, മജീദ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ശക്തമായ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്ന നിലയിലാണ്. അപകടം നടന്നയുടനെ കേച്ചേരി ഹനീഫാസ് ക്ലിനിക്കിലെയും ആക്ട്സ് (ACTS) സംഘടനയിലെയും ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും തൃശ്ശൂർ അമല ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.സംഭവസ്ഥലത്തെത്തിയ എരുമപ്പെട്ടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് കേച്ചേരി അക്കിക്കാവ് ബൈപ്പാസ് റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


Comments are closed.