mehandi banner desktop
Chavakkad online

ഇൻസ്റ്റാഗ്രാം സൗഹൃദം കെണിയായി; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചും ബൈക്കിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം

Ft

പുന്നയൂർ : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ പുലർച്ചെ വിളിച്ചുവരുത്തി ആറംഗ സംഘം ക്രൂരമായി മർദിക്കുകയും, ബൈക്കിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി. അകലാട് സ്വദേശി ചെറുതോട് പുരയ്ക്കൽ മുസ്തഫയ്ക്കാണ് (24) ദാരുണമായ മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പുലർച്ചെ രണ്ട് മണിയോടെ പുന്നയൂർ പഞ്ചായത്തിലെ എടക്കരയിലാണ് സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലെ ചാറ്റിങ്ങിനൊടുവിൽ യുവാവിനെ എടക്കരയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ മുസ്തഫയെ ബൈക്കിലെത്തിയ സംഘം ആദ്യം ഇടിച്ചുതെറിപ്പിച്ചു. തുടർന്ന് ആറംഗ സംഘം ഇരുമ്പ് പൈപ്പും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

Jan oushadi

ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രദേശത്തുനിന്നും ലഭിച്ചിട്ടുണ്ട്. യുവാവിനെ ബൈക്കിടിപ്പിക്കുന്നതും ആയുധങ്ങളുമായി സംഘം മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

പരിക്കേറ്റ് റോഡിൽ കിടന്ന മുസ്തഫയെ മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകരാണ് ആദ്യം ചാവക്കാട് ശാന്തി നഴ്സിംഗ് ഹോമിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കുന്നംകുളം മലങ്കര ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് നടപടികൾ വൈകുന്നതായി കുടുംബം ആരോപിക്കുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം. പോലീസ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Comments are closed.