mehandi banner desktop
Chavakkad online

‘ക്ലീൻ പുന്നയൂർ’ പദ്ധതിക്ക് പൂട്ട് വീണു – എൽ.ഡി.എഫ് പ്രതിഷേധം

Ft

ക്ലീനിങ് പ്രവർത്തികൾ നിലക്കില്ല ബദൽ സംവിധാനത്തിനു തീരുമാനം – പഞ്ചായത്ത്‌ പ്രസിഡന്റ്

Jan oushadi

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിൽ മുൻ ഭരണസമിതി നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളിലൊന്നായ ‘ക്ലീൻ പുന്നയൂർ’പദ്ധതി നിലവിലെ യു.ഡി.എഫ് ഭരണസമിതി നിർത്തലാക്കി. പദ്ധതി തുടരണമെന്ന എൽ.ഡി.എഫ് അംഗങ്ങളുടെ ആവശ്യം തള്ളിക്കൊണ്ട്, ഭരണസമിതി യോഗത്തിൽ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന ജനക്ഷേമ പദ്ധതികളെല്ലാം ഒന്നൊന്നായി നിർത്തലാക്കുന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

പൊതുനിരത്തുകളിൽ പുൽക്കാടുകൾ വളർന്നുനിറയുകയും, അതിലേക്ക് ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയപ്പെടുകയും ചെയ്യുന്നത് പുന്നയൂരിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് തെരുവുനായ്ക്കളുടെ പെരുകലിന് കാരണമാവുകയും, സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് നേരെ തുടർച്ചയായി തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.

ഈ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് 2022-23 സാമ്പത്തിക വർഷത്തിൽ അന്നത്തെ എൽ.ഡി.എഫ് ഭരണസമിതി ‘ക്ലീൻ പുന്നയൂർ’ പദ്ധതിക്ക് തുടക്കം കുറിച്ചത്.

പഞ്ചായത്തിലെ എല്ലാ പൊതുനിരത്തുകളും പൊതുവഴികളും കൃത്യമായ ഇടവേളകളിൽ തുടർച്ചയായി ശുചീകരിക്കുന്നതായിരുന്നു പദ്ധതി. പ്രാദേശികരായ ആറ് തൊഴിലാളികൾക്ക് സ്ഥിരമായി ജോലി ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിച്ചിരുന്നു.

ജനങ്ങളുടെ സുരക്ഷിതത്വത്തെയും പ്രദേശത്തിന്റെ ശുചിത്വത്തെയും ബാധിക്കുന്ന പദ്ധതി യാതൊരു കാരണവശാലും നിർത്തലാക്കരുതെന്ന് കഴിഞ്ഞ ഭരണസമിതി യോഗത്തിൽ എൽ.ഡി.എഫ് പ്രതിനിധികളായ ബാബു, ഷൈബ ദിനേശൻ, ഷഫീന മുനീർ, ഫൗസിയ ഹാഷിം, ഷൈമജ നസീർ എന്നിവർ ആവശ്യപ്പെട്ടെങ്കിലും ഭൂരിപക്ഷ ബലത്തിൽ യു.ഡി.എഫ് മുന്നോട്ട് പോവുകയായിരുന്നു എന്നാണ് ആക്ഷേപം.

എന്നാൽ പദ്ധതി പൂർണാർത്ഥത്തിൽ നിർത്തലാക്കിയിട്ടില്ലെന്നും പഞ്ചായത്ത്‌ നേരിട്ട് വേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്ന രീതി മാറ്റി ക്ലീനിങ് പ്രവർത്തികൾക്ക് കൊട്ടേഷൻ അടിസ്ഥാനത്തിൽ കരാറുകാരെ ഏല്പിക്കാനാണ് ഭരണസമിതി യോഗം ഐക്യകണ്ഠം തീരുമാനം എടുത്തതെന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട് റസ്‌ല റഹീം വ്യക്തമാക്കി. കരാർ നൽകുന്നതോടെ ക്ലീനിങ് പ്രവർത്തികൾ വേഗത്തിലും ലാഭത്തിലും ആക്കാൻ കഴിയും എന്ന ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം യോഗത്തിൽ എൽ ഡി എഫ് അംഗങ്ങൾ തീരുമാനത്തെ എതിർത്തിരുന്നില്ലെന്നും അവർ പറഞ്ഞു. ക്ലീൻ പുന്നയൂർ പദ്ധതിക്ക് ഡി പി സി അംഗീകാരം ലഭിക്കാതീരുന്നനാലാണ് ബദൽ സംവിധാനം കൊണ്ടുവരുന്നത്.

എന്നാണ് ആക്ഷേപം.

Comments are closed.