ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഓട്ടോ ഡ്രൈവർമാരുടെ പങ്ക് വലുത്

ചാവക്കാട്: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഓട്ടോ ഡ്രൈവർമാർക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരി മാഫിയക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കണമെന്നും ചാവക്കാട് സർക്കിൾ ഇൻസ്പെക്ടർ എൻ. എസ്. രാജീവ് അഭിപ്രായപ്പെട്ടു. ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും അർദ്ധവാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്ന് എന്ന മാരകവിപത്തിനെതിരെ ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. കഴിഞ്ഞ കാലങ്ങളിൽ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ ഒരു ഓട്ടോ ഡ്രൈവർ പോലും ലഹരി കേസുകളിൽ പ്രതിയായിട്ടില്ലെന്നത് അഭിമാനകരമാണെന്നും, കുറ്റവാളികളെയും പ്രതികളെയും കണ്ടെത്തുന്നതിൽ ഓട്ടോ ഡ്രൈവർമാരുടെ സഹായം പോലീസിന് ഏറെ ഗുണകരമായിട്ടുണ്ടെന്നും സി.ഐ ചൂണ്ടിക്കാട്ടി.ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡന്റ് എം. എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. സംഘടനയിലെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായ വിതരണവും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ആദരിക്കലും ചടങ്ങിൽ വെച്ച് നടന്നു.ചാവക്കാട് എക്സൈസ് റെയിഞ്ച് സിവിൽ ഓഫീസർ എം. മണികണ്ഠൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സംഘം സെക്രട്ടറി എ. കെ. അലി, ഭാരവാഹികളായ കെ. കെ. വേണു, വി. കെ. ഷാജി ഹാൻ, കെ. കെ. അലി കുഞ്ഞി, കെ. എസ്. ബിജു, കെ. ആർ. രമേശ്, കെ. ജി. ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



Comments are closed.