mehandi banner desktop
Chavakkad online

കൈകൂപ്പി തൊഴുതിട്ടും കനിവില്ല; വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളുടെ യാത്രാദുരിതം തുടരുന്നു- കർശന നടപടിയുമായി എം വി ഡി

fairy tale

വടക്കാഞ്ചേരി: വിദ്യാർത്ഥികളെന്ന പരിഗണന പോലും നൽകാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും വിവിധ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ വഴിയാധാരമാക്കുന്നത് പതിവാകുന്നു.  പരാതിയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചതോടെ ബസ് ജീവനക്കാർക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തി.

planet fashion

രാവിലെ ഏഴര മുതൽ എട്ടര വരെയുള്ള സമയങ്ങളിലാണ് തിരൂർ, തൃശൂർ ഭാഗങ്ങളിലേക്ക് പോകുന്ന സ്കൂൾ കുട്ടികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയിലധികമായി ഈ ദുരവസ്ഥ തുടരുകയാണ്.

വിദ്യാർത്ഥികൾ കയറാതിരിക്കാൻ ബസ്സിന്റെ പിൻവശത്തെ വാതിലുകൾ അടച്ചിടുകയും കണ്ടക്ടർമാർ തടഞ്ഞുനിർത്തുകയും ചെയ്യുന്നതായാണ് പരാതി.

കഴിഞ്ഞ ദിവസം രാവിലെ ഏഴരമുതൽ മുതൽ എട്ടേമുക്കാൽ വരെ കാത്തുനിന്നിട്ടും ബസ്സിൽ കയറാൻ സാധിക്കാത്തതിനെ തുടർന്ന് 11 വിദ്യാർത്ഥികളാണ് സ്കൂളിൽ പോകാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടി വന്നത്.

മുൻപും സമാനമായ രീതിയിൽ ഇവിടെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാത്ത സംഭവം വലിയ ജനശ്രദ്ധയും വാർത്താ പ്രാധാന്യവും നേടിയിരുന്നു. അന്ന് കുറച്ചുദിവസം മാന്യമായി പെരുമാറിയ ജീവനക്കാർ, വീണ്ടും പഴയപടി കുട്ടികളെ വലയ്ക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

യാത്രാദുരിതം സഹിക്കെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി ഏഴുമണിയോടെ ഒരു കൂട്ടം വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് നിയമലംഘനം നടത്തുന്ന ബസ്സുകളുടെ പേരുവിവരങ്ങൾ സഹിതം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ എംവി ഡി ഉദ്യോഗസ്ഥരും പോലീസും നേരിട്ടെത്തി ബസ് ജീവനക്കാർക്ക് ശക്തമായ താക്കീത് നൽകി.

ഇനിയും വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറുകയും പരാതിക്കിടയാക്കുകയും ചെയ്താൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടിയെടുക്കും. കുറ്റക്കാരായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ഷീബ, സെന്തിൽ എന്നിവർ താക്കീത് നൽകി.

Comments are closed.