
ചാവക്കാട്: കുന്നംകുളത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട എടക്കഴിയൂർ പഞ്ചവടി സ്വദേശികളായ ദമ്പതികളുടെയും മകന്റെയും ഭൗതികശരീരം ഇന്ന് വൈകീട്ട് നാല് മണിക്ക് പൊതുദർശനത്തിന് വെക്കും.

ശനിയാഴ്ച അർദ്ധരാത്രിയോടെ ഗുരുവായൂർ – കുന്നംകുളം പാതയിൽ ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറയിലുണ്ടായ അപകടത്തിലാണ് പഞ്ചവടി സ്വദേശികളായ മുനീർ (35), ഭാര്യ സഫ്ന (24), മകൻ എമിൽ ഐബക് (3) എന്നിവർ മരണപ്പെട്ടത്. മാതൃസഹോദരിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറിയത്. മുനീറിന്റെയും മകൻ എമിൽ ഐബകിന്റെയും മൃതദേഹം എടക്കഴിയൂർ ഖാദിരിയ്യ മദ്രസയിൽ പൊതുദർശനത്തിന് വെക്കും.
ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഭൗതികദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് വൈകീട്ട് നാല് മണിയോടെ ഖാദിരിയ്യ മദ്രസയിൽ എത്തിക്കുന്ന മൃതദേഹങ്ങളിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ 6 മണിയോടെ എടക്കഴിയൂർ പള്ളി കബർസ്ഥാനിൽ ഖബറടക്കും. വീട്ടിലേക്ക് കൊണ്ടുവരുന്ന സഫ്നയുടെ മൃതദേഹം ബന്ധുക്കളുടെ ദർശനത്തിന് ശേഷം കബർസ്ഥാനിലേക്ക് കൊണ്ടുവരും. ഒരു കുടുംബത്തിലെ മൂന്നുപേർ ഒരുമിച്ച് വിടപറഞ്ഞതിന്റെ തീരാവേദനയിലാണ് നാട്.



Comments are closed.