ആർത്താറ്റ് വാഹനാപകടം; മൈലാഞ്ചിച്ചോപ്പിലേക്ക് പടർന്ന കണ്ണീർ – ചടങ്ങിലൊതുക്കി മംഗല്യം

കുന്നംകുളം: വിവാഹത്തലേന്നത്തെ മധുരവും ഒത്തുചേരലുകളും പെട്ടെന്നാണ് അലമുറയിട്ട കരച്ചിലിലേക്ക് വഴിമാറിയത്. മാതൃസഹോദരിയുടെ മകളുടെ വിവാഹത്തലേന്നത്തെ ആഘോഷങ്ങളിൽ സന്തോഷത്തോടെ പങ്കുചേർന്ന് മടങ്ങവെ ഉണ്ടായ വാഹനാപകടം രണ്ട് കുടുംബങ്ങളുടെയും ഒരു നാടിന്റെയും സന്തോഷങ്ങളെയാണ് തല്ലിക്കെടുത്തിയത്.

കുന്നംകുളം ആർത്താറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മുനീറും ഭാര്യ സഫ്നയും മകൻ എമിൽ ഐബക്കും മരണപ്പെട്ട വാർത്തയറിഞ്ഞതോടെ, അൽപം മുൻപുവരെ പാട്ടും ചിരിയുമായി മുഖരിതമായിരുന്ന കല്യാണവീട് നിമിഷനേരം കൊണ്ട് ശോകമൂകമായി.
കുന്നംകുളം പന്നിത്തടം കോൺകോഡ് സ്കൂളിന് സമീപം താമസിക്കുന്ന കുന്നത്ത് പീടികയിൽ അബ്ദുൽ അസീസ്–ഫാത്തിമ ദമ്പതികളുടെ മകൾ അൽഫിതയും, ചാഴിയാട്ടിരി അല്ലിപ്പറമ്പിൽ സിദ്ദീഖ്–ഖദീജ ദമ്പതികളുടെ മകൻ ഉമറുൽ ഫാറൂഖും തമ്മിലുള്ള വിവാഹമാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്നത്. മരണപ്പെട്ട മുനീറിന്റെ മാതാവ് റുമൈലയുടെ സഹോദരിയുടെ മകളാണ് അൽഫിത.
വിവാഹത്തലേന്ന് വധുവിനൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് പുറമെ, വേദിയിൽ വച്ച് സ്വന്തം കുടുംബത്തോടൊപ്പമുള്ള ചിത്രം കൂടി മുനീർ പ്രത്യേക താല്പര്യമെടുത്ത് എടുപ്പിച്ചിരുന്നതായി ചടങ്ങിന്റെ ഫോട്ടോഗ്രാഫർ മാജിദ് ഓർത്തെടുക്കുന്നു. താൻ ക്യാമറയിൽ പകർത്തിയ ആ പുഞ്ചിരികൾ അവരുടെ ഒപ്പമുള്ള അവസാന ചിത്രമായി മാറുമെന്ന് കരുതിയില്ലെന്ന് പറയുമ്പോൾ മാജിദിന്റെ വാക്കുകളിലും നടുക്കം വിട്ടുമാറിയിരുന്നില്ല.
മൈലാഞ്ചി ചോപ്പും പുഞ്ചിരിയുമായി പന്തലിലേക്ക് ഇറങ്ങേണ്ടിയിരുന്ന വധുവും കുടുംബവും പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത താങ്ങാനാവാതെ വിതുമ്പുന്ന കാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. തുടർന്ന് ചൊവ്വന്നൂർ അൽഅമീൻ ഓഡിറ്റോറിയത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്ന് വിപുലമായ രീതിയിൽ നടത്താനിരുന്ന വിവാഹ സൽക്കാരങ്ങളും ആഘോഷങ്ങളും പൂർണ്ണമായും ഉപേക്ഷിച്ചു. പന്നിത്തടം ജുമാ മസ്ജിദിൽ വെച്ച് അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തിൽ നിക്കാഹ് ചടങ്ങ് മാത്രമായി ഒതുക്കുകയായിരുന്നു.
വൈകുന്നേരം നാലുമണിയോടെ മൂവരുടെയും മൃതദേഹങ്ങൾ എടക്കഴിയൂർ ഖാദരിയ്യ മദ്രസ കോമ്പൗണ്ടിൽ പൊതുദർശനത്തിന് എത്തിക്കും. തുടർന്ന് എടക്കഴിയൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. പ്രാർത്ഥനകളോടെ കണ്ണീരോടെ വിട നൽകുകയാണ് നാടും ഉറ്റവരും.



Comments are closed.