മുതുവട്ടൂരിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ മുതുവട്ടൂർ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും തമ്മിൽ തട്ടി അപകടം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസും ചങ്ങരംകുളത്തെ ഗോഡൗണിലേക്ക് ടൈലുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ പ്രധാന വാതിൽ തുറക്കാൻ കഴിയാത്തവിധം കുടുങ്ങിപ്പോയി. ഇതോടെ യാത്രക്കാർ പുറത്തിറങ്ങാനാവാതെ ബസിനുള്ളിൽ കുടുങ്ങി. വിവരമറിഞ്ഞ് ഉടൻതന്നെ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി.സേന എത്തുമ്പോൾ ഡ്രൈവറുടെ വശത്തുള്ള വാതിലിലൂടെ യാത്രക്കാർ ഓരോരുത്തരായി പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ആർക്കും ഗുരുതരമായ പരിക്കുകളില്ല.തുടർന്ന് അപകടത്തിൽപെട്ട കണ്ടെയ്നർ ലോറി പിന്നോട്ട് മാറ്റിയതോടെ റോഡിലെ ഗതാഗത തടസ്സം പൂർണ്ണമായും ഒഴിവാക്കി. ഗതാഗതം പുനഃസ്ഥാപിച്ച ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കി അഗ്നിരക്ഷാസേന നിലയത്തിലേക്ക് മടങ്ങിയത്.




Comments are closed.