ശബ്ദമില്ലാത്ത ലോകത്ത് കവിതയുടെ മഹാസമുദ്രം തീർത്ത ഒരു പെൺകരുത്ത്

ചാവക്കാട് : ശബ്ദങ്ങളുടെ ലോകം സ്വന്തമായില്ലെങ്കിലും, മനസ്സിന്റെ ആഴങ്ങളിൽ നിന്നും ഉതിരുന്ന അക്ഷരങ്ങൾ കൊണ്ട് കവിതയുടെ വലിയൊരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയിരിക്കുകയാണ് തൃശൂർ കാക്കശ്ശേരി സ്വദേശിയായ രജനി. കേൾവിയും സംസാരശേഷിയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടെങ്കിലും, തളർന്നുപോകാൻ തയ്യാറാകാത്ത ഉറച്ച ഇച്ഛാശക്തിയും പ്രതിഭയുമാണ് രജനിയെ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു കവയിത്രിയാക്കി മാറ്റിയത്.വരയും വായനയും എഴുത്തും നെഞ്ചിലേറ്റിയ രജനി, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിച്ചാണ് സാഹിത്യ ലോകത്തും ഔദ്യോഗിക ജീവിതത്തിലും നേട്ടങ്ങൾ കൊയ്തെടുത്തത്.രജനിയുടെ സർഗ്ഗയാത്രയിൽ അവരെ തേടിയെത്തിയ പ്രധാന പുരസ്കാരങ്ങൾ ഇവയാണ്:സംസ്ഥാന ഭിന്നശേഷി അവാർഡ് (2013), ന്യൂഡൽഹി ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, സൃഷ്ടിപഥം ആഗോള കവിതാ മത്സരംത്തിൽ (2025)51 വിഷയങ്ങളിൽ 51 ദിനങ്ങൾ കൊണ്ട് കവിതകളെഴുതി ഏറ്റവും ഉയർന്ന പോയിന്റോടെ ഒന്നാം സ്ഥാനം നേടി. സർഗ്ഗോത്സവ് 2026 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ തൃശൂർ ജില്ലാ കലോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം, അന്താരാഷ്ട്ര നിയമസഭാ പുസ്തകോത്സവ സംസ്ഥാനതല കഥാമത്സരത്തിൽ രണ്ടാം സ്ഥാനം, തൃശൂർ ജില്ലാ മലയാള കാവ്യസാഹിതിയുടെ ഒ എൻ വി പുരസ്കാരം (രണ്ടു തവണ), അനന്തപുരി കാവ്യോത്സവത്തിൽ മികച്ച രചനാ പുരസ്കാരം, കോഴിക്കോട് സാഹിത്യോത്സവത്തിൽ സംസ്ഥാനതല കവിതാ അവാർഡ് (രണ്ടാം സമ്മാനം). വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാനതല കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും, കടപ്പുറം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കവിതാ ക്യാമ്പിലെ “കവിതയുടെ ഒരു പകൽ” അവാർഡ് (2012), സാമൂഹ്യനീതി വകുപ്പിന്റെ ‘ഉണർവ്വ് 2021’ ഉപന്യാസ മത്സരത്തിലും ഓണാഘോഷ കവിതാ മത്സരങ്ങളിലും ഒന്നാം സ്ഥാനം.നാൽപത് മനോഹരമായ കവിതകൾ ഉൾപ്പെടുത്തി ‘കേൾക്കാത്ത ധ്വനികൾ’ എന്ന പേരിൽ രജനി സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി പ്രമുഖ സാഹിത്യ കൂട്ടായ്മകൾ പുറത്തിറക്കിയ കവിതാ സമാഹാരങ്ങളിലും രജനിയുടെ രചനകൾ ഇടംപിടിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നിരവധി കവിതകൾ ഉൾപ്പെടുത്തി അടുത്ത പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇവർ.എഴുത്തിലും വായനയിലും ചിത്രരചനയിലും കരകൗശല വിദ്യകളിലും ഒരേപോലെ കഴിവ തെളിയിച്ചിട്ടുള്ള രജനി, നിലവിൽ കേരള സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിൽ (State GST Office, ചാവക്കാട്) ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കുന്നു. വിവരവകാശ നിയമവിഭാഗം (RTI) കഴിഞ്ഞ 13 വർഷമായി വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് രജനിയുടെ ഔദ്യോഗിക മികവിന് തെളിവാണ്.വരികളിലൂടെ മനസ്സിലുള്ള വികാരങ്ങൾ മുഴുവൻ തുന്നിച്ചേർക്കുന്ന രജനി കാക്കശ്ശേരി, പരിമിതികൾ തളർത്താത്ത പോരാട്ടവീര്യത്തിന്റെ ജീവിക്കുന്ന മാതൃകയാണ്.




Comments are closed.