mehandi banner desktop
Chavakkad online

ഓപ്പറേഷൻ പൈതൽ’ മിന്നൽ പരിശോധന: ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ട് പിടിച്ചെടുത്തു; 2.5 ലക്ഷം രൂപ പിഴ

Ft

ചേറ്റുവ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടികൂടിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ചേറ്റുവ അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എറണാകുളം മുനമ്പം സ്വദേശി തായാട്ടുപറമ്പിൽ നീരജിൻ്റെ ഉടമസ്ഥതയിലുള്ള ‘സോറിസ്’ എന്ന ബോട്ട് പിടിയിലായത്. നിയമവിരുദ്ധമായി പിടികൂടിയ, 12 സെൻ്റീമീറ്ററിൽ താഴെ വലിപ്പമുള്ള 5000 കിലോ കിളിമീൻ ബോട്ടിൽ നിന്നും കണ്ടെടുത്തു.

Jan oushadi

ചെറുമത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ പൈതലിൻ്റെ’ ഭാഗമായാണ് നടപടി. ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ കെ.വി. സുഗന്ധകുമാരിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സ് രാത്രിയും പകലുമായി ആഴക്കടൽ, തീരക്കടൽ, അഴിമുഖങ്ങൾ, ഹാർബറുകൾ, ഫിഷ് ലാൻഡിങ് സെൻ്ററുകൾ എന്നിവിടങ്ങളിൽ വ്യാപകമായ പരിശോധന നടത്തിവരികയായിരുന്നു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ജോയിനി ജേക്കബിൻ്റെ നേതൃത്വത്തിലായിരുന്നു കോമ്പിങ്.

പിഴയും തുടർനടപടികളും

ബോട്ടിലുണ്ടായിരുന്ന ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. കൂടാതെ, നിയമാനുസൃതമല്ലാത്തതും കണ്ണിവലുപ്പം കുറഞ്ഞതുമായ വലകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. തുടർനടപടികൾ പൂർത്തിയാക്കിയ തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബോട്ടുടമയ്ക്ക് 2,50,000 രൂപ പിഴ ചുമത്തി.

ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിശ്ചിത വലിപ്പത്തിന് താഴെ പിടികൂടുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ശിക്ഷാർഹമാണ്. അശാസ്ത്രീയമായ മത്സ്യബന്ധന രീതികൾക്കെതിരെ കർശന നടപടി തുടരുമെന്നും വരും ദിവസങ്ങളിലും എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെൻ്ററുകളിലും സ്പെഷ്യൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ് അറിയിച്ചു.

എ.എഫ്.ഇ.ഒ ലീന ഡെന്നീസ്, മെക്കാനിക്ക് മനോജ്, മറൈൻ എൻഫോഴ്സ്മെൻ്റ് & വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ അശ്വിൻ ജോസ്, വർഗ്ഗീസ് ജിഫിൻ, കൃഷ്ണ പ്രസാദ്, ഡ്രൈവർ അഷറഫ് പേബസാർ എന്നിവരടങ്ങുന്ന പ്രത്യേക പട്രോളിങ് ടീമാണ് ബോട്ട് പിടികൂടിയത്.

Comments are closed.