വരുന്നു ഫ്ലോട്ടിങ് ബ്രിഡ്ജ് ചാവക്കാട് കടലിലും – ബോട്ട് യാത്രയും പുനരാരംഭിച്ചേക്കും
ചാവക്കാട് : ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാതൃകയിൽ ചാവക്കാട് ബീച്ചിലും കടലിൽ പൊന്തിയാടുന്ന പാലം വരുന്നു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വിനോദ സഞ്ചാര വകുപ്പ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അനുവദിക്കുന്നതിന് തീരുമാനമായതായി ഗുരുവായൂർ നിയോജകമണ്ഡലം എം എൽ എ എൻ കെ അക്ബർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് കേരളത്തിൽ ആദ്യമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിലവിൽ വന്നത്. വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽ നിന്നും ലഭിച്ചത്.
തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പത്തു ജില്ലകളിൽ കൂടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചിരുന്നു.
തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ എം. എൽ. എ എൻ കെ അക്ബർ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് നൽകിയിരുന്നു.
ഫ്ലോട്ടിങ് ബ്രിഡ്ജ് നു വേണ്ട തുടർനടപടികൾ എത്രയും വേഗം ആരംഭിക്കുമെന്നും എം. എൽ.എ സൂചിപ്പിച്ചു. സ്വകാര്യ കമ്പനികൾക്കായിരിക്കും പദ്ധതി നടപ്പിലാക്കുവാനും നടത്തിപ്പിനുമുള്ള അനുമതി നൽകുക. ഇതിന്റെ ടെണ്ടർ നടപടികളും മറ്റു ക്രമങ്ങളും പൂർത്തീകരിച്ചു വരാൻ മാസങ്ങൾ സമയമെടുക്കും.
മാസങ്ങൾക്കു മുൻപ് കടലിലൂടെയുള്ള ബോട്ട് യാത്ര ആരംഭിക്കുകയും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അത് നിർത്തലാക്കുകയും ചെയ്തിരുന്നു. ബോട്ടിങ് നിർത്തിവെച്ച തീരുമാനം പദ്ധതി തുടങ്ങിയ കമ്പനിയെ വൻ നഷ്ടത്തിലാക്കിയിരുന്നു.
ചാവക്കാട് കടലിലെ ബോട്ട് യാത്ര പുനരാരംഭിക്കുവാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
Comments are closed.