
ഗുരുവായൂർ : ഇന്നലെ അണ്ടത്തോട് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരിച്ചു.
ഗുരുവായൂർ സ്വദേശി പുതിയ വീട്ടിൽ മഞ്ഞിയിൽ ശുഹയുടെ മകൻ ഷാജഹാൻ മൊയ്‌തുവാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു മരണം.

ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ അണ്ടത്തോട് സെന്ററിൽ ഫെഡറൽ ബാങ്കിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിക്കുകയായിരുന്നു. മരിച്ച ഷാജഹാൻ മൊയ്തുവിനെ കൂടാതെ കാർ യാത്രികരായിരുന്ന പിതാവ് ശുഹ, മാതാവ്, പതിനൊന്നും ഒന്നും വയസ്സുകാരായ സഹോദരങ്ങൾ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
താനൂരിലെ മാതാവിന്റെ വീട്ടിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ മരിച്ച ആറുവയസ്സുകാരൻ റമദാനിലെ മുപ്പത് നോമ്പും നോറ്റിരുന്നു.

Comments are closed.