
ചേറ്റുവ : ചേറ്റുവയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റോഡരികിൽ നിന്നിരുന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറി കയറി മരിച്ചു. പാവറട്ടി വേണമാവനാട് സ്വദേശി മമ്മസ്രായില്ലത്ത് സെയ്‌തു മകൻ അബൂബക്കർ (52) ആണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ചേറ്റുവ എം ഇ എസ് ആശുപത്രിക്ക് സമീപം ദേശീയപാതയിലാണ് അപകടം. ചാവക്കാട് ഭാഗത്ത് നിന്നും വന്നിരുന്ന കാർ എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാനായി ടാങ്കർ ലോറി ഇടതു വശത്തേക്ക് ഒടിച്ചെങ്കിലും നിയന്ത്രണം വിട്ട ലോറി റോഡരികിൽ നിന്നിരുന്ന അബൂബക്കറിനെ ഇടിക്കുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

ടാങ്കർ ലോറിയിൽ ഇടിച്ച കാർ ഇടിയുടെ ആഘാതത്തിൽ എതിർദിശയിലേക്ക് തിരിയുകയും പുറകിൽ നിന്ന് വരികയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. സാരമല്ലാത്ത പരുക്കുകളോടെ തൊട്ടടുത്ത എം ഇ എസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.

Comments are closed.