40 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം ലഭിച്ച ചാപ്പറമ്പ് അവകാശികൾ മണത്തല നാഗയക്ഷി ക്ഷേത്രത്തിനു കൈമാറി
ചാവക്കാട് : 40 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ലഭിച്ച ഭൂമി അവകാശികൾ ക്ഷേത്രത്തിനു കൈമാറി. ചരിത്രമുറങ്ങുന്ന ചാപ്പറമ്പ് ( കേരള മൈതാന്‍ ) മണത്തല നാഗയക്ഷിക്ഷേത്രത്തിന് സ്വന്തമായി. കോടിക്കണക്കിന് രൂപ വില വരുന്ന 60 സെന്റ് ഭൂമിയാണ് ക്ഷേത്രത്തിന് സൗജന്യമായി നല്‍കിയത്.
ക്ഷേത്രം കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്ന കോച്ചന്‍ വീട്ടില്‍ പരേതരായ കെ. ടി. ഭാസ്കരന്റെയും ഭാര്യ മാധവിയുടെയും പേരിലുണ്ടായിരുന്ന 60 സെന്റ് ഭൂമിയണ് മക്കളും അവകാശികളുമായ കെ. ബി. വേണു ഗോപാല്‍, കെ. ബി. ജയറാം, ഹൈമാവതി, വൈജയന്തിമാല, ചാന്ദിനി, സുധീഷ്ണ എന്നിവർ ചേർന്ന് ക്ഷേത്രത്തിന് നല്‍കിയത്. ഒട്ടേറെ രാഷ്ട്രീയ – സാമൂഹിക- സാംസ്‌കാരിക -ആധ്യാത്മിക പരിപാടികള്‍ക്ക് വേദിയായിട്ടുള്ള സ്ഥലമാണ് കേരള മൈതാന്‍. സുപ്രീംകോടതി വരെ നീണ്ട 40 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കുടുംബത്തിന് കേരള മൈതാനി ലഭിച്ചത്.
നാഗരാജാവും നാഗയക്ഷിയും ഒന്നിച്ചു പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂര്‍വ ക്ഷേത്രങ്ങളിലൊന്നായ മണത്തല നാഗയക്ഷി ക്ഷേതത്തിന് സ്‌ഥലസൗകര്യം വേണ്ടത്രയില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. 60 സെന്റ് ഭൂമി സ്വന്തമായി ലഭിക്കുന്നതോടെ ക്ഷേത്രത്തിന്റെ ഇനിയുള്ള വളര്‍ച്ചയ്ക്ക് ഇത് മുതൽക്കൂട്ടാവും.
ഇന്ന് ഡിസംബർ 17 ധനു ഒന്ന് രാവിലെ എട്ടിനും 9നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍പ്രത്യേക പൂജകൾക്ക് ശേഷം ഭൂമിയുടെ ആധാരം ക്ഷേത്രത്തിന് സമർപ്പിച്ചു. മേൽശാന്തി ധനേഷ് മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ കുന്നത്ത് സുബ്രഹ്മണ്യൻ, എ കെ വേദുരാജ്, ആർ കെ പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Comments are closed.