മറുനാടൻ തൊഴിലാളിയുടെ അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് എ.ഐ.ടി.യു.സി; സ്നേഹാദരങ്ങളോടെ ദീപക്കിന് വിട

വാടാനപ്പള്ളി: ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളി ദീപക്കിന്റെ സംസ്കാരച്ചടങ്ങുകൾ ഏറ്റെടുത്ത് നടത്തി നാഷണൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി). ഹിന്ദു ആചാരപ്രകാരമുള്ള മുഴുവൻ ചടങ്ങുകളും പൂർത്തിയാക്കി വാടാനപ്പള്ളി വാതകശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. നാടിന്റെ നാനാതുറകളിലുള്ള പൊതുപ്രവർത്തകരും ദീപക്കിന്റെ മുസ്‌ലിം സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് സുഹൃത്തിനൊപ്പം വാടാനപ്പള്ളിയിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദീപക് മുങ്ങിമരിച്ചത്. കുടുംബസമേതം വാടാനപ്പള്ളിയിൽ കഴിഞ്ഞിരുന്ന ദീപക്, ഹൃദ്രോഗിയായ ഭാര്യയെ സ്വദേശത്ത് കൊണ്ടുവിട്ട് കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്.
മൃതദേഹം പശ്ചിമ ബംഗാളിലെ സ്വന്തം നാട്ടിലെത്തിക്കാൻ ഒന്നര ലക്ഷത്തിലധികം രൂപ ചെലവ് വരുമായിരുന്നു. നിർധനരായ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ തുക കണ്ടെത്താനാകാതെ വന്നതോടെയാണ് എ.ഐ.ടി.യു.സി നേതൃത്വം ഇടപെട്ടത്. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ വാടാനപ്പള്ളിയിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനിക്കുകയും മുഴുവൻ ചെലവുകളും യൂണിയൻ വഹിക്കുകയുമായിരുന്നു. ദീപക്കിന്റെ അമ്മാവന്റെ മകൾ കാജലാണ് അന്ത്യകർമ്മങ്ങൾ നിർവഹിച്ചത്.
കുടുംബത്തിന്റെ വിഷമഘട്ടത്തിൽ തുണയായ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും എ.ഐ.ടി.യു.സി യൂണിയന്റെയും നാട്ടുകാരുടെയും കാരുണ്യം ഒരിക്കലും മറക്കില്ലെന്ന് ദീപക്കിന്റെ സുഹൃത്ത് നെയിം ഖാൻ വിതുമ്പലോടെ പറഞ്ഞു.
മരണവിവരമറിഞ്ഞതു മുതൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത പ്രതാപൻ, പഞ്ചായത്തംഗം മുരളീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈന മുഹമ്മദ്, എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വി.ആർ. മനോജ്, നാഷണൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഷറഫ് വലിയകത്ത്, സഹചാരി ആംബുലൻസ് പ്രവർത്തകരായ മുഹമ്മദ് സാബിർ, പ്രതാപൻ വാലത്ത്, ചേറ്റുവ ലെവൽ ഓഫ് കെയർ ആംബുലൻസ് പ്രവർത്തകരായ അൻസാബ്, ശ്രേയസ് എന്നിവരടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും സംസ്കാര നടപടികൾ പൂർത്തിയാക്കാൻ ഒപ്പമുണ്ടായിരുന്നു.



Comments are closed.