അമൽ ഇംഗ്ലീഷ് സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചമ്മനൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചമ്മനൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ധർമ്മ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.സ്കൂൾ വിദ്യാർത്ഥി നബ്ഹാന്റെ (11C) പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിഷ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. ഹരിദയാൽ കെ.എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ലഹരിമുക്തമായ ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്ത് ചടങ്ങിന് ആശംസകൾ അർപ്പിച്ചു.അമൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ഹനീഫ പരിപാടിയുടെ മുഖ്യപ്രഭാഷണം (Keynote address) നിർവ്വഹിച്ചു. തുടർന്ന് തൃശൂർ എക്സൈസ് ഡിവിഷനിലെ വിമുക്തി റിസോഴ്സ് പേഴ്സണും സിവിൽ എക്സൈസ് ഓഫീസറുമായ ശ്രീ. ജദീർ പി.എം വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യക്തികളിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, ലഹരി മാഫിയകളുടെ കെണിയിൽ പെടാതിരിക്കാൻ വിദ്യാർത്ഥികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.അമൽ മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, സെക്രട്ടറി അബ്ദുൽ റഹ്മാൻ മുണ്ടാറയിൽ, ട്രഷറർ ഫസലു റഹ്മാൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. ഹെൽത്ത് ആൻഡ് വെൽനസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി ലെനി സെറ ജോൺ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.


Comments are closed.