അണ്ടത്തോട് കടൽഭിത്തി – എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു

അണ്ടത്തോട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്‍. കെ അക്ബർ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. നിലവില്‍ ബജറ്റില്‍ വകയിരുത്തിയ 4.5 കോടി രൂപ വിനിയോഗിച്ച് അരക്കിലോമീറ്റര്‍ ദൂരത്തിലാണ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതെന്നും കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ പ്രത്യേകമായി നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും എം.എല്‍.എ വ്യക്തമാക്കി. ആദ്യഘട്ടം എന്ന നിലയിലാണ് 500 മീറ്റര്‍ വരുന്ന പ്രദേശത്ത് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതെന്നും കടലാക്രമണ ഭീഷണി നേരിടുന്ന ബാക്കിയുള്ള പ്രദേശത്ത് കൂടി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്നും എം.എല്‍.എ യോഗത്തെ അറിയിച്ചു.

ആഴ്ചകൾക്ക് മുൻപ് അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി നിർമാണത്തിന് കല്ലുകളുമായി വന്ന ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു. 500 മീറ്റർ മാത്രമായി കടൽ ഭിത്തി കെട്ടിയാൽ മറ്റു പ്രദേശങ്ങളിലേക്ക് പൂർവാധികം ശക്തിയോടെ കടലേറ്റം സംഭവിക്കും എന്നാണ് നാട്ടുകാർ പറയുന്നത്. ആശങ്ക പരിഹരിക്കാതെ നിർമാണം അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. എം എൽ എ യുമായുള്ള ചർച്ചക്ക് ശേഷം മാത്രമേ നിർമാണ പ്രവർത്തികൾ തുടങ്ങൂ എന്ന് ഗുരുവായൂർ എ സി പി സിനോജ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ അന്ന് പിരിഞ്ഞുപോയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാസ്മിന്‍ ഷഹീര്‍, സിപിഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ഡി ധനീപ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രതിനിധികളായ എന്‍.ആര്‍ ഗഫൂര്‍, അലാവുദ്ദീന്‍, ലീഗ് പ്രതിനിധി എ.കെ മൊയ്തുണ്ണി, ജനപ്രതിനിധികളായ കെ.എച്ച് ആബിദ്, ബുഷറ നൌഷാദ്, ഷാനിബ മൊയ്തുണ്ണി, പി.എസ് അലി, മൂസ ആലത്തയില്‍, ഇറിഗേഷന്‍ വകുപ്പ് അസി.എക്സി. എഞ്ചിനീയര്‍ സീത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments are closed.