നായയെ കണ്ടു വിരണ്ട ആന നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു

തൃശ്ശൂർ: നായയെ കണ്ടു വിരണ്ട ആന നിരവധി വാഹനങ്ങൾ അടിച്ചുതകർത്തു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് തൃശ്ശൂർ നഗരത്തെ മുൾമുനയിൽ നിർത്തിയത്. ടൗൺഹാൾ പരിസരത്ത് നിന്ന് വിരണ്ടോടിയ ആന വഴിയിലുണ്ടായിരുന്ന കാറും ഓട്ടോയും ബൈക്കുകളും തകർത്തു. പട്ടിയെ കണ്ട് ഭയന്നതാണ് ആന ഇടയാൻ കാരണമെന്ന് പാപ്പാൻ പറഞ്ഞു.തുടർന്ന് ആന ചെമ്പൂക്കാവ് ഭാഗത്തേക്ക് ഓടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ആന പെരിങ്ങാവ് ഗാന്ധിനഗറിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ചു. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ട് ദിവസം മുൻപ് തൃശൂരിൽ എത്തിച്ചതാണ് ‘ശിവലക്ഷ്മി അയ്യപ്പൻ’ എന്ന ആനയെ. പാറമേക്കാവ് ക്ഷേത്രത്തിൽ തൊഴാനായി എത്തിച്ചതിന് ശേഷം പാലസ് റോഡിലൂടെ പോകുമ്പോഴാണ് സംഭവം. പെട്ടെന്ന് ഒരു നായയെ കണ്ട് ഭയന്നാണ് ആന ഇടഞ്ഞോടിയതെന്നാണ് പാപ്പാൻ നൽകുന്ന വിശദീകരണം. വിവരമറിഞ്ഞ് എലഫൻ്റ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി. ആന ഇപ്പോൾ ശാന്തനാണ്.നാലോളം കാറുകളും ഒരു ഓട്ടോറിക്ഷയും നിരവധി ബൈക്കുകളും അടിച്ചു തകർത്തു. നിരവധി വീടുകളുടെ ഗേറ്റുകൾക്കും മതിലുകൾക്കും വലിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്.


Comments are closed.