അണ്ടത്തോട്, കടപ്പുറം കടൽഭിത്തി ഉൾപ്പെടെ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ ജലവിഭവ വികസന പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ വിവിധ ജലവിഭവ വികസന പ്രവർത്തികൾ സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ. എൻ കെ അക്ബർ എം.എൽ.എ ഉന്നയിച്ച വിവിധ ആവശ്യങ്ങൾക്ക് മന്ത്രി യോഗത്തിൽ തത്ത്വത്തിൽ അംഗീകാരം നൽകി.മണ്ഡലത്തിലെ തീരദേശ സംരക്ഷണത്തിനും വെള്ളപ്പൊക്ക നിവാരണത്തിനുമായി എടുത്ത പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:കടൽക്ഷോഭ പ്രതിരോധത്തിന് ടെട്രോപാഡ് (ADB പദ്ധതി): അണ്ടത്തോട് പെരിയമ്പലം ഭാഗത്തെ രൂക്ഷമായ കടൽക്ഷോഭം തടയുന്നതിനായി 700 മീറ്റർ ദൂരത്തിൽ ടെട്രോപാഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിക്കുന്ന പ്രവർത്തി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB) പദ്ധതിയിലേക്ക് ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു.റിവർഗേജ് സംവിധാനം: ചേറ്റുവ പുഴയിലെ ജലനിരപ്പ് കൃത്യമായി കണക്കാക്കുന്നതിനും വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ലഭ്യമാക്കുന്നതിനുമായി റിവർഗേജ് സംവിധാനം നടപ്പിലാക്കണമെന്ന എം.എൽ.എയുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.ലോകബാങ്ക് പദ്ധതി: കടപ്പുറം പഞ്ചായത്തിൽ പുതിയ കടൽഭിത്തി നിർമിക്കുന്നതിനുള്ള സമഗ്ര പ്രൊപ്പോസൽ ലോകബാങ്ക് പദ്ധതിയുടെ ധനസഹായത്തിനായി നൽകിയതായി മന്ത്രി യോഗത്തെ അറിയിച്ചു.ചക്കംകണ്ടം സ്ലൂയിസ് നിർമാണം: സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ചക്കംകണ്ടം സ്ലൂയിസ് നിർമാണ പ്രവർത്തിക്ക് എത്രയും വേഗം ഭരണാനുമതി നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.ഉന്നതതല യോഗത്തിൽ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ തുടങ്ങി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.




Comments are closed.