‘ഓപ്പറേഷൻ പൈതൽ’ ചെറുമീൻ പിടിത്തത്തിനെതിരെ ബ്ലാങ്ങാട് ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു.

ചാവക്കാട്: ചെറുമീൻ പിടിത്തം തടയുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനാ യജ്ഞമായ ‘ഓപ്പറേഷൻ പൈതൽ’ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് ബീച്ചിൽ ബോധവത്കരണ കടലോര നടത്തം സംഘടിപ്പിച്ചു. മത്സ്യസമ്പത്തിന്റെ പുനരുത്പാദനത്തെയും സ്വാഭാവിക പ്രജനനത്തെയും പ്രതികൂലമായി ബാധിക്കുന്ന നിയമവിരുദ്ധമായ ചെറുമീൻ പിടിത്തം പൂർണ്ണമായും തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2027 ജനുവരി 10 വരെയാണ് പ്രത്യേക ഡ്രൈവ് നടപ്പിലാക്കുന്നത്.പരിശോധനകൾ ശക്തമാക്കുന്നതിനായി ജില്ലയിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. ആഴക്കടൽ, തീരക്കടൽ, ഫിഷിംഗ് ഹാർബറുകൾ, ഫിഷ് ലാൻഡിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 24 മണിക്കൂറും കർശന നിരീക്ഷണവും പരിശോധനയും തുടരുകയാണ്.മത്സ്യത്തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച കടലോര നടത്തം തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ സ്കൂൾ പ്രിൻസിപ്പൽ പി.എം. മോഹൻരാജ് അധ്യക്ഷത വഹിച്ചു. ഓപ്പറേഷൻ പൈതൽ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പെൻസിൽ ഡ്രോയിങ്, ഉപന്യാസ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ചാവക്കാട് ഗവൺമെന്റ് ഫിഷറീസ് ടെക്നിക്കൽ സ്കൂൾ വിദ്യാർത്ഥികൾ, കടലോര ജാഗ്രതാ സമിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പരിപാടിയിൽ പങ്കാളികളായി. ചാവക്കാട് മത്സ്യഭവൻ എഫ്.ഇ.ഒ ആതിര, എ.എഫ്.ഇ.ഒമാരായ ജോമോൾ സി. ബേബി, ലീന ഡെന്നീസ്, എഫ്.ഒമാരായ എസ്. രേഖ, പി.എം. അൻസിൽ എന്നിവർ നേതൃത്വം നൽകി. തൃശൂർ ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജോയ്‌നി ജേക്കബ് നന്ദി പറഞ്ഞു.




Comments are closed.