Header

രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം – സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറുപേര്‍ ആശുപത്രിയില്‍

ചാവക്കാട് : ആണുങ്ങളില്ലാത്ത വീട്ടില്‍ രാത്രി അതിക്രമിച്ചു കയറിയ അക്രമിസംഘം സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി
പരാതി. ഒരു വയസുള്ള കുട്ടിയെ അക്രമികള്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ് സ്ത്രീകളും കുട്ടികളുമടക്കം ആറുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
കുരഞ്ഞിയൂര്‍ ചങ്ങാടം റോഡ് അയിഷ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച രാത്രി എട്ടോടെയാണ് അതിക്രമം നടന്നത്. മേനോത്ത് ഷാജഹാന്റെ ഭാര്യ റെജീന (32) , മക്കളായ
ഹംതാന്‍ (ഒരു വയസ് ), നിഫിന്‍ (4), റെജീനയുടെ സഹോദരിമാരായ അന്‍സി (27), ബിന്‍ഷ (20), ഷാജഹാന്റെ പെട്ടികടയില്‍ സഹായിയായ പ്രവര്‍ത്തിക്കുന്ന മണത്തല
കോലോത്ത് പറമ്പില്‍ അലി മകന്‍ ഹര്‍ഷാദ് (17) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തിലേറെ പേരാണ് അതിക്രമം നടത്തിയതെന്ന് റെജീന പറഞ്ഞു.
തന്നെയും ഒന്‍പതും എട്ടും വയസുള്ള പെണ്‍മക്കളേയും സഹോദരിമാരെയും സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായും അവര്‍ പറഞ്ഞു. കൂട്ടനിലവിളി കേട്ട് ആളുകള്‍
ഓടിക്കൂടിയപ്പോഴാണ് സംഘം സ്ഥലം വിട്ടത്. സംഭവസമയം ഭക്ഷണം കഴിക്കാന്‍ വന്നപ്പോഴാണ് ഫര്‍ഷാദ് ആക്രമിക്കപ്പെട്ടത്. ഫര്‍ഷാദ് അംഗപരിമിതനാണ്. റെജീന
കിഡ്‌നി രോഗിയാണ്. ഇവരെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാന്‍ ഡോകടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പൈപ്പില്‍ നിന്നും വെള്ളമെടുക്കുന്നതിനെചൊല്ലി റെജീനയും അടുത്ത വീട്ടില്‍ താമസിക്കുന്ന ഒരു സ്ത്രീയും തമ്മില്‍ വാക്കു തര്‍ക്കം
നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമണത്തിനു കാരണമെന്നാണ് സൂചന. ഈ സ്ത്രീയുടെ ഭര്‍ത്താവും സഹോദരനും കണ്ടാലറിയാവുന്നവരും അക്രമി
സംഘത്തിലുണ്ടായിരുന്നുവെന്ന് റെജീന പറഞ്ഞു. ഷാജഹാന് മണത്തലയില്‍ കരിമ്പിന്‍ ജ്യൂസ് വില്‍ക്കുന്ന കടയാണ്. രാത്രി പത്തുകഴിഞ്ഞാണ് വീട്ടിലെത്തുക. റെജീനയുടെ
സഹോദരിമാര്‍ കഴിഞ്ഞദിവസം വിരുന്നു വന്നതാണ്. ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി ഗുരുവായൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.

thahani steels

Comments are closed.