മാസ്റ്റർ പ്ലാനിലെ കൊടും ചതി – ചാവക്കാട് നഗരസഭ കൗൺസിലർ ശാഹിദ പേളയും കുടുംബവും പെരുവഴിയിലേക്ക്
നഗരസഭ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് PMAY – LIFE ഗുണഭോക്താക്കൾക്ക് ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ചെയർപേഴ്സൺ
ചാവക്കാട്: നഗരസഭ മാസ്റ്റര്‍ പ്ലാനിലെ അപാകത മൂലം സ്വന്തമായുള്ള മൂന്നു സെന്റിൽ വീടുപണിയാനാവാതെ ദുരിതത്തിലായി നഗരസഭ കൗണ്‍സിലർ ശാഹിദ പേളയും കുടുംബവും. ചാവക്കാട് നഗരസഭാ 32-ാം വാര്‍ഡ് കൗണ്‍സിലറാണ് പേള ഷാഹിദ. മണത്തല വില്ലേജ് തിരുവത്ര സൈഫുള്ള റോഡിൽ സര്‍വ്വേ നമ്പർ 59/3,5 ലെ മൂന്നു സെന്റ് ഭൂമിയിൽ കാലങ്ങളായി ഷാഹിദയുടെ ഭർതൃ കുടുംബം താമസിച്ചു വരുന്നു. ശാഹിദയുടെ ഭർത്താവ് മത്സ്യത്തൊഴിലാളിയായ പേള ഷാഹുവിന് അനന്തരമായി ലഭിച്ചതാണ് മൂന്നു സെന്റും ഓലക്കുടിലും. നഗരസഭയിലെ പി എം എ വൈ – ലൈഫ് പദ്ധതിയിൽ നൽകിയ അപേക്ഷ സ്വീകരിച്ചതോടെയാണ് വീടുപണിക്കുള്ള ശ്രമം ആരംഭിച്ചത്. തറ പണിയുന്നതിനുള്ള അനുമതിക്കായി നഗരസഭയെ സമീപിച്ചപ്പോഴാണ് തങ്ങൾ നികുതിയടച്ച് താമസിച്ചു വരുന്ന 30/34 A കെട്ടിട നമ്പർ ഉള്ള ഓലക്കുടിൽ നിൽക്കുന്ന സ്ഥലം 2022-ല്‍ പ്രസിദ്ധീകരിച്ച നഗസഭ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഫ്‌ളോറി കള്‍ച്ചര്‍ ആന്‍ഡ് അക്വാ കള്‍ച്ചർ ( പൂ കൃഷി, മീൻ കൃഷി എന്നിവക്കുള്ള സ്ഥലം ) വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും അറിയുന്നത്. ചുറ്റുഭാഗത്തും നിരവധി വീടുകളും കുടുംബങ്ങളും താമസിക്കുന്ന റെസിഡനൻഷ്യൽ മേഖലയെ മാസ്റ്റർ പ്ലാനിൽ കൃഷിയിടമായി അടയാളപ്പെടുത്തിയത് നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. തങ്ങളറിയാതെ താമസസ്ഥലം മാസ്റ്റര്‍ പ്ലാനില്‍ തെറ്റായി ഉള്‍പ്പെടുത്തിയതിന്റെ പരാതി രേഖാമൂലം നല്‍കിയപ്പോള്‍ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നും നിര്‍മാണ അനുമതിക്കായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും നഗരസഭ അധികൃതർ മറുപടി നൽകിയതായി ശാഹിദ പറഞ്ഞു. വർഷം ഒന്ന് കഴിഞ്ഞിട്ടും കെട്ടിട നിർമ്മാണത്തിന് ഇതുവരെ അനുമതി നൽകാതിരിക്കുകയും അതോടൊപ്പം ഈ മാസം (ജൂലൈ ) തറ പണി പൂർത്തീകരിച്ചില്ലെങ്കിൽ ലൈഫ് പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്നറിയിച്ച് ചാവക്കാട് നഗരസഭയിൽ നിന്നുള്ള നോട്ടീസ് ലഭിച്ചതായും കൗണ്‍സിലര്‍ പറഞ്ഞു. ഇതോടെ ചോർന്നൊലിക്കുന്ന ഓലക്കുടിൽ നിന്നുള്ള മോചനം എന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി ശാഹിദ പറഞ്ഞു.
ശരിയായി പഠനം നടത്താതെ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍മൂലം കുടുംബം പെരുവഴിയിലേക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്. സമാനമായ ഒട്ടേറെ പരാതികള്‍ വേറെയും ഉണ്ടായിട്ടും അതൊന്നും പരിഹരിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്നും നഗരസഭ കൗണ്‍സിലര്‍ക്ക് പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും യു.ഡി.എഫ്. കൗണ്‍സിലര്‍മാരായ കെ. വി. സത്താര്‍, സുപ്രിയ രാമേന്ദ്രന്‍, ഷാഹിദ മുഹമ്മദ്, പേള ശാഹിദ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു
Comments are closed.