വീട്ടുപടിക്കൽ ബൈക്ക്, പിഴ എറണാകുളത്ത്! വിചിത്രമായ ഇ-ചെല്ലാൻ കണ്ട് അമ്പരന്ന് ഉടമ

ചാവക്കാട്: സ്വന്തം ബൈക്ക് വീട്ടുമുറ്റത്ത് വിശ്രമിക്കുമ്പോൾ, കിലോമീറ്ററുകൾക്കപ്പുറം എറണാകുളത്ത് വെച്ച് ഗതാഗത നിയമം ലംഘിച്ചെന്ന് കാട്ടി പിഴയടക്കാൻ സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുനക്കക്കടവ് സ്വദേശിയായ പൊതുപ്രവർത്തകൻ ഷറഫുദ്ധീൻ. എറണാകുളം സിറ്റി പോലീസിന്റെ പേരിൽ വന്ന ഈ ‘വിചിത്ര’ ചെല്ലാൻ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുകയാണ്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാലാരിവട്ടത്ത് വെച്ച് ബൈക്കിന്റെ പിന്നിലിരുന്ന ആൾ ഹെൽമെറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് എറണാകുളം സിറ്റി പോലീസിന്റെ പേരിൽ സന്ദേശം വന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന് 500 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.സന്ദേശം ലഭിച്ചതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കൂടുതൽ വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു പുരുഷനും സ്ത്രീയും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതാണുള്ളത്. എന്നാൽ പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ളത് ബൈക്കാണ്. മാത്രമല്ല, ചിത്രത്തിലെ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഒട്ടും വ്യക്തവുമല്ല.നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്ത മറ്റൊരു വാഹനത്തിന് ലഭിക്കേണ്ട പിഴ, വാഹന നമ്പറുമായുള്ള സാമ്യം മൂലം ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയതാകാമെന്നാണ് കരുതുന്നത്. യാതൊരു പരിശോധനയുമില്ലാതെ പിഴ ചുമത്തുന്ന ഇത്തരം നടപടികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയമായ രീതിയിൽ പിഴ ചുമത്തിയ നടപടിക്കെതിരെ ഷറഫുദ്ധീൻ അധികൃതർക്ക് പരാതി നൽകി.


Comments are closed.