mehandi new

ബിജെപി മമത – ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ

fairy tale

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ജില്ലാ ബ്ലോക്ക് നേതാക്കൾ കെപിസിസി പ്രസിഡണ്ടിന് പരാതി നൽകി. കോൺഗ്രസ്സ് മുക്ത ഭാരതം മുദ്രാവാക്യമാക്കി പ്രവർത്തിക്കുന്ന മോദിയുടെ കേരള സന്ദർശന വേളയിൽ മോദിയെ പ്രകീർത്തിക്കുന്ന ചിത്രം ഗോപ പ്രതാപൻ ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് പുതിയ വിവാദം. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും കുട്ടികൾ ഫോണെടുത്ത് കളിച്ചപ്പോൾ പറ്റിയ അബദ്ധമാണെന്നും ഗോപ പ്രതാപൻ പിന്നീട് വിശദീകരണം നൽകിയിരുന്നു. വിവാദ പോസ്റ്റ്‌ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽമീഡിയ വഴി പ്രചരിച്ചു കഴിഞ്ഞിരുന്നു.

സമാന രീതിയിലുള്ള പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ഗോപപ്രതാപൻ മുൻപും നടത്തിയിട്ടുള്ളതായി പതിനൊന്നു നേതാക്കൾ ഒപ്പിട്ട പരാതിയിൽ എണ്ണിപ്പറയുന്നുണ്ട്.
മുല്ലത്തറ മേൽപ്പാലം പ്രക്ഷോഭ സമരത്തിൽ ബി ജെ പി യെ കൂടെ ഉൾപ്പെടുത്തണമെന്ന് ഗുരുവായൂർ നിയോജകമണ്ഡലം യോഗത്തിൽ ഗോപ പ്രതാപൻ ആവശ്യപ്പെടുകയും പ്രവർത്തകർക്കിടയിൽ പ്രതിഷേധം വ്യാപകമായപ്പോഴാണ് നിലപാട് മാറ്റിയതെന്നും പരാതിയിൽ പറയുന്നു.
മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോൾ മാധ്യമങ്ങളിൽ ബിജെപി അനുകൂല പ്രസ്താവനകൾ നൽകിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പുന്നയൂർക്കുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഡിസിസി പാനലിനെതിരെ ബിജെപക്കാരെ ഉൾപ്പെടുത്തി റിബൽ പാനൽ ഉണ്ടാക്കി മത്സരിപ്പിച്ചു.
നിരന്തരം ആർ എസ് എസ്, ബിജെപി നിലപാടെടുക്കുന്ന ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിന്റെ നിലപാടിൽ പ്രതിഷേധിച്ചു നിരവധി ന്യൂനപക്ഷ കുടുംബങ്ങൾ പാർട്ടി വിട്ടതായും പരാതിയിൽ പറയുന്നു.
മുൻ നഗരസഭ ചെയർമാനും കെ പി സി സി മെമ്പറുമായ പി കെ അബൂബക്കർ ഹാജിയുടെ വാർഡിൽ നിന്നും നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച വാർഡ്‌ കൗൺസിലർക്കെതിരെ മാധ്യമങ്ങൾക്ക് അപകീർത്തിപരമായ വാർത്ത നൽകിയെന്ന പരാതിയും ബ്ലോക്ക് പ്രസിഡണ്ടിനെതിരെ നിലവിലുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ്സ് നേതാവും കെപിസിസി മെമ്പറുമായ പി കെ അബൂബക്കർ ഹാജി, ഡിസിസി സെക്രട്ടറിമാരായ അഡ്വ ടി കെ അജിത്, എ എം അലാവുദ്ധീൻ, കെ ഡി വീരമണി, പി യതീന്ദ്രദാസ്, യു ഡി എഫ് നേതാക്കളായ കെ പി ഉദയൻ, കെ വി സത്താർ, കെ വി ഷാനവാസ്‌, കെ നവാസ്, ആന്റോ തോമാസ്, ശ്രീധരൻ മക്കാലി, എൻ എം കെ നബീൽ, പി ഗോപാലൻ എന്നിവർ ഒപ്പിട്ട പരാതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് നൽകിയിട്ടുള്ളത്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഗോപപ്രതാപനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ആവശ്യം.

planet fashion

Comments are closed.