ഹെൽത്, എക്സൈസ്, ഫോറെസ്റ്റ്, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങളെ കോർത്തിണക്കി ബ്ലോക്ക് ആരോഗ്യമേള 24 ന് – നാളെ കൂട്ടയോട്ടം
ചാവക്കാട് : ചാവക്കാട് റവന്യു ബ്ലോക്ക് ആരോഗ്യമേള ജൂലൈ 24 ന് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം പി നിർവഹിക്കും. സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മിസ്‌രിയ മുസ്താഖലി അധ്യക്ഷത വഹിക്കും. എൻ. കെ. അക്ബർ എംഎൽഎ മുഖ്യാതിഥിയാകും.
ഹെൽത്, എക്സൈസ്, ഫോറെസ്റ്റ്, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങളെ കോർത്തിണക്കിയാണ് ആരോഗ്യമേള സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ആരോഗ്യ മേളയോടനുബന്ധിച്ച് രാവിലെ ഒമ്പതിന് എടക്കഴിയൂർ കാജ സെന്ററിൽ നിന്ന് ബഹുജന റാലി ആരംഭിക്കും. അലോപ്പതി, ആയുർവേദ, ഹോമിയോ വിഭാഗങ്ങൾ ഉൾപ്പെട്ട മെഡിക്കൽക്യാമ്പ്, ഇ എൻ ടി, ഡെന്റൽ വിഭാഗം പരിശോധന, വിവിധ രോഗ നിർണ്ണയങ്ങൾക്കുള്ള സൗകര്യം, ആയുർവേദ സൗജന്യ കഞ്ഞി വിതരണം, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, ആരോഗ്യ സെമിനാർ, കലാ-കായിക മേളകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആരോഗ്യ സമ്മേളനത്തിന്റെ ഭാഗമായി നാളെ വട്ടേക്കാട് മുതൽ അഞ്ചങ്ങാടി വരെ കൂട്ടയോട്ടം സംഘടിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, വൈസ് പ്രസിഡണ്ട് മുഹമ്മദുണ്ണി മന്ദലാംകുന്ന്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കമറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞുമുഹമ്മദ് തെക്ക്മുറി, സംഘാടക സമിതി കൺവീനറും സി. എച്ച്. സി. കടപ്പുറം സൂപ്രണ്ട് മായ ഡോ. ടി. പി. ശ്രീകല, കടപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, പഞ്ചായത്ത് സെക്രട്ടറി വി. ധനേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.