ചാവക്കാട് ബിജു വധം : പ്രതികളുമായി തെളിവെടുപ്പ് നടത്തി
ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജെപി പ്രവർത്തകൻ ബിജു വധക്കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
മണത്തല പരപ്പിൽതാഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നീ പ്രതികളുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ചാവക്കാട് എസ്എച്ച്ഒ കെ. എസ്. സെൽവരാജിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്ന് വൈകുന്നേരം നാലരമണിയോടെ പ്രതികളുമായി സംഭവ സ്ഥലത്തെത്തിയത്. പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
ഒന്നാം പ്രതി അനീഷിന്റ വീട്ടിലും ബിജു കുത്തെറ്റ് വീണ ചാപ്പറമ്പിലെ റോഡരികിലുമാണ് പ്രതികളുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയത്.
കൃത്യം നടത്തിയ രീതികൾ പ്രതികൾ പൊലീസിനോട് വിവരിച്ചു. കഴിഞ്ഞദിവസം ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് നടത്താതെ പൊലീസ് മടങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡിലായ പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം മണത്തല ചാപ്പറമ്പിൽ വെച്ച് കൊപ്ര ചന്ദ്രന്റെ മകൻ ബിജു(40)വിനെ കൊലപ്പെടുത്തിയത്. പ്രതികൾ മൂന്നു പേരും ബൈക്കിലെത്തിയാണ് ബിജുവിനെ ആക്രമിച്ചത്. നേരത്തെ ബിജുവിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി പ്രതികൾ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് സംഭവവുമായി ബന്ധമില്ലാത്ത ബിജുവിനെ കുത്തിയത്.
പ്രവാസിയായ ബിജു ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. രണ്ടു പെട്ടികളിലായി പ്രാവുകളെ വിൽക്കാൻ റോഡരികിൽ നിൽക്കുകയായിരുന്നു ബിജു.
പ്രതികളായ അനീഷും വിഷ്ണുവും എസ് ഡി പി ഐ അനുഭാവികളാണ്. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികളുടെ രാഷ്ട്രീയം വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ചൊവ്വാഴ്ച സംഘപരിവാർ തെളിവെടുപ്പ് തടഞ്ഞത്.
മെഡിക്കൽ കോളേജ് സി.ഐ. സി.ജോസ്, ചാവക്കാട് എസ്. ഐ. ഒ.പി.അനിൽകുമാർ, എ.എസ്.ഐമാരായ സജിത്ത് കുമാർ, ബിന്ദു രാജ്, ബാബു, സിപിഒ മാരായ സുമി, രാജേഷ്, ശരത്ത്, ആശിഷ് എ, സിപിഒ പ്രജീഷ്, താജി എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകി.
Comments are closed.