പരിസ്ഥിതി സൗഹൃദ പേനകൾ നൽകി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വീകരിച്ച് ചെറായി സ്കൂൾ വിദ്യാർത്ഥികൾ

പുന്നയൂർക്കുളം : തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്ക് പരിസ്ഥിതി സൗഹൃദ പേനകൾ സമ്മാനമായി നൽകി വിദ്യാർത്ഥികളും അധ്യാപകരും. ചെറായി ഗവൺമെന്റ് യു.പി.സ്കൂളിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥർക്കാണ് സ്കൂളിലെ ഹരിത ക്ലബ്ബംഗങ്ങൾ തയ്യാറാക്കിയ പരിസ്ഥിതി സൗഹൃദ പേനകൾ സമ്മാനമായി നൽകിയത്. ഹരിത പ്രോട്ടോക്കോൾ പാലിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ ബോർഡുകൾ ബൂത്തുകൾക്ക് മുന്നിൽ ക്ലബ്ബംഗങ്ങൾ പ്രദർശിപ്പിച്ചു. ഇലക്ഷന്റെ നിർദ്ദേശങ്ങൾ പതിക്കാനായി ഓരോ ബൂത്തിനുമുന്നിലും പ്രത്യേകം ബോർഡുകൾ തയ്യാറാക്കി വെച്ചു. സ്കൂളും പരിസരവും ശുചീകരിക്കാൻ ഹരിത പോലീസ് അംഗങ്ങൾ മുന്നിലുണ്ടായിരുന്നു. ജൈവ മാലിന്യം, അജൈവ മാലിന്യം എന്നിവ തരംതിരിച്ചിടാനായി പരിസ്ഥിതി സൗഹൃദ കുട്ടകളും ചാക്കുകളും ഓലകൾ കൊണ്ട് നിർമ്മിച്ച വല്ലങ്ങളും തയ്യാറാക്കിയിരുന്നു. പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് ബോട്ടിലും ഇടാനായി ഓരോ ബൂത്തിന് മുന്നിലും പ്രത്യേകം ചാക്കുകളും സജ്ജീകരിച്ചു. ഉപയോഗിച്ചു കഴിഞ്ഞ പേനകൾ ഇടാനായി പെൻ ബോക്സുകളും ഓരോ ബൂത്തിനു മുന്നിലും സ്ഥാപിച്ചു. ഒരു മിഠായിക്കടലാസു പോലും സ്കൂൾ അങ്കണത്തിൽ കാണാൻ കഴിയാത്തതിൽ തിരഞ്ഞെടുപ്പുദ്യോഗസ്ഥർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പച്ച ഓലയിൽ സ്വാഗതമെഴുതിയ ബോർഡും സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ സംഘർഷമായ മനസ്സോടെ എത്തിയ തങ്ങൾക്ക് കുട്ടികൾ നൽകിയ സമ്മാനം ആശ്വാസവും സമാധാനവും നൽകാൻ പര്യാപ്തമായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രധാനാധ്യാപകൻ കെ. എൽ. മനോഹിത്, അധ്യാപകൻ കെ.ഷിബിൻരാജ്, എസ്. എസ്. ജി. ചെയർമാൻ റാണാ പ്രതാപ്, എസ്.എം.സി. പ്രതിനിധി രഘുനാഥ് മാപ്പാല, ഹരിത ക്ലബ്ബംഗങ്ങളായ എൻ.എസ് അദ്വിക്, എം.ജെ. സയാൻ, ബി.എം. ബിഷ്റുൽഹാഫി, സി.എസ്. വൈഷ്ണവ്,, പി. ഹൈസം, എം.എസ്. സാത്വിക് എന്നിവർ നേതൃത്വം നൽകി.

Comments are closed.