ശിശുദിനം: അമൽ ഇംഗ്ലീഷ് സ്കൂളിൽ ജവഹർലാൽ നെഹ്റുവിന്റെ കൂറ്റൻ ചിത്രം തീർത്ത് ‘ആർട്ടിക്സ്’ ആർട്ട് ക്ലബ്ബ്

ചമ്മന്നൂർ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിന്റെ ഔദ്യോഗിക ആർട്ട് ക്ലബ്ബായ ‘ആർട്ടിക്സ്’ (ARTIX) ഒരുക്കിയ ജവഹർലാൽ നെഹ്റുവിന്റെ കൂറ്റൻ ചിത്രം വിസ്മയക്കാഴ്ചയായി. സ്കൂൾ ബാസ്കറ്റ്ബോൾ കോർട്ടിൽ കുമ്മായപ്പൊടി ഉപയോഗിച്ച് തീർത്ത 6,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ചിത്രം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.കുട്ടികളോടുള്ള സ്നേഹവും വാത്സല്യവും കൊണ്ട് ശിശുദിനത്തിന്റെ പ്രതീകമായി മാറിയ ചാച്ചാ നെഹ്റുവിനുള്ള ആദരസൂചകമായാണ് ഈ ബൃഹത്തായ കലാസംരംഭം ഒരുക്കിയത്. ആർട്ട് അധ്യാപകൻ പ്രജിത് സാറിന്റെ നേതൃത്വത്തിൽ ക്ലബ്ബിലെ പ്രതിഭാധനരായ വിദ്യാർത്ഥികൾ കൈകോർത്തപ്പോൾ പദ്ധതി വലിയ വിജയമായി മാറി. കാവ്യശ്രീ, കായികാദ്ധ്യാപകരായ സുരേന്ദ്രൻ, തസ്നി എന്നിവരുടെ സഹകരണവും ഈ ഉദ്യമത്തിന് കരുത്തേകി. കുട്ടികളുടെ കലാപരമായ കഴിവുകൾ, സർഗാത്മകത, കൂട്ടായ്മ, അർപ്പണബോധം എന്നിവ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി ഈ പ്രോജക്റ്റ് മാറി.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളികശ്ശേരി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ അഷ്കർ അറക്കൽ ചടങ്ങിൽ ആശംസകൾ നേർന്നു. സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ നാലകത്ത് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ലിഷ അനിൽ നന്ദിയും രേഖപ്പെടുത്തി.അമൽ മാനേജ്മെന്റ് ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ, സെക്രട്ടറി അബ്ദുൽ റഹ്മാൻ മുണ്ടാറയിൽ, ട്രഷറർ ഫസലുറഹ്മാൻ, സിസിഎ കൺവീനർ അബ്ദുൽ റഹ്മാൻ കുന്നുംകാട്ടിൽ, മൈന്റെനൻസ് കൺവീനർ സുലൈമാൻ ഊട്ടോടത്തയിൽ, എക്സിക്യൂട്ടീവ് മെമ്പർ അബു ഏനിക്കുട്ടി, പിടിഎ പ്രസിഡന്റ് സുമിഷ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.




Comments are closed.