ക്രിസ്തുമസ്സ് ആവർത്തിക്കുന്ന സാധ്യതകളുടെ തിരുനാൾ – മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
പാലയൂർ : വിവിധ പരിപാടികളോടെ പാലയുർ തീർത്ഥ കേന്ദ്രത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. സീറോ മലബാർ സഭയുടെ ശ്രേഷ്ഠ ഇടയൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പിറവി തിരുന്നാളിന് മുഖ്യ കർമികത്വം വഹിച്ചു. 24ന് ചൊവ്വാഴ്ച രാത്രി 9:30ന് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴയുടെ അധ്യക്ഷതയിൽ ക്രിസ്തുമസ് ഈവ് ആരംഭിച്ചു. അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇടവക കൈകാരനായ സേവ്യർ വാകയിൽ, സി ഡി ലോറൻസ്, തോമസ് വാകയിൽ എന്നിവർ പ്രസംഗിച്ചു. നൃത്തച്ചുവടുകൾ കൊണ്ടും, ഗാനാലാപനങ്ങൾ കൊണ്ടും ക്രിസ്തുമസ് ഈവ് കണ്ണുകൾക്കും, കാതുകൾക്കും, വ്യത്യസ്തമാർന്ന അനുഭവം ഒരുക്കി. കെ എൽ എം പാലയൂരിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കിറ്റുകൾ ജാതി മത ഭേദമന്യേ വിതരണം ചെയ്തു. യൂത്ത് സി എൽ സി പാലയൂരിന്റെ നേതൃത്വത്തിൽ നാനോ പുൽക്കൂട് മത്സരവും, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നക്ഷത്ര മത്സരവും, കെ സി വൈ എം പാലയൂരിന്റെ നേതൃത്വത്തിൽ ഇടവകയിലെ ഭവനങ്ങളിൽ ക്രിസ്തുമസ്സ് പുൽകൂട് മത്സരവും സംഘടിപ്പിച്ചു. മാതൃവേദിയുടെ നേതൃത്വത്തിൽ ലക്കി ചൈൽഡ്, ലക്കി മദർ നറക്കെടുപ്പും, സെന്റ് വിൻസെന്റ് ഡി പോൾ സംഘടിപ്പിച്ച ലക്കി ഫാദർ, കത്തോലിക്ക കോൺഗ്രസ്സ് സംഘടിപ്പിച്ച ലക്കി ഫാമിലി തിരഞ്ഞെടുപ്പും ഉണ്ടായിരുന്നു. തുടർന്ന് സീറോ മലബാർസഭ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പാലയൂർ ദേവാലയത്തിൽ ഇടവക സമൂഹത്തിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
11:30ന് ക്രിസ്തുമസ് തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കർമികത്വം വഹിച്ചു. ക്രിസ്തുമസ്സ് ഒരിക്കലും അവസാനിക്കുന്ന തിരുനാളല്ല മറിച്ച് ആവർത്തിക്കുന്ന സാധ്യതകളുടെ തിരുനാൾ ആണെന്നും അദ്ദേഹം പറഞ്ഞു. ആർച്ച് പ്രീസ്റ്റ് ഫാദർ ഡേവിസ് കണ്ണമ്പുഴ, ഫാ ഡെറിൻ അരിമ്പൂർ, സെന്റ് ഫ്രാൻസിസ് ആശ്രമം ഇൻചാർജ് ഫാദർ ആന്റണി അരോധ എന്നിവർ സഹകാർമികരായി.
പാലയൂർ ഇടവകയിലെ യുവജന സംഘടനയായ കെ സി വൈ എം പാലയൂരിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ക്രിസ്തുമസ് ലാൻഡും കാണികൾക്കായി തുറന്നു നൽകി. തുടർന്ന് നോമ്പ് വീടൽ സ്നേഹവിരുന്നും നടന്നു.
ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയം കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ, പ്രോഗ്രാം കൺവീനർ കെ ജെ പോൾ, സെക്രട്ടറിമാരായ ബിനു താണിക്കൽ, ബിജു മുട്ടത്ത്, പി ആർ ഒ ജെഫിൻ ജോണി, വിവിധ ഭക്തസംഘടന ഭാരവാഹികൾ, കുടുംബ കൂട്ടായ്മ ഭാരവാഹികൾ എന്നിവർ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഡിസംബർ ഒന്നാം തീയതി ദേവാലയ മുറ്റത്ത് കെ.എൽ.എം പാലയൂർ ഒരുക്കിയ നക്ഷത്രവും ക്രിസ്തുമസ് ട്രീയും ഉയർന്നതോടെ പാലയൂർ ദേവാലയത്തിൽ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. സാൻതോം കൊയറിന്റെ നേതൃത്വത്തിൽ കുടുംബ കൂട്ടായ്മകൾക്കായുള്ള എക്കോസ് ഓഫ് ക്രിസ്തുമസ് 2024 കരോൾ ഗാന മത്സരം, ചാവക്കാട് നഗരത്തിൽ “ബോൺ നത്താലേ” കരോൾ പ്രയാണം എന്നിവയും സംഘടിപ്പിച്ചിരുന്നു.
Comments are closed.