mehandi new

ചുമട്ടുതൊഴിലാളികള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

fairy tale

ഗുരുവായൂര്‍ : നിത്യവും അധ്വാനിച്ചുണ്ടാക്കുന്നതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കി ചുമട്ടുതൊഴിലാളികള്‍ മാതൃകയായി. ഗുരുവായൂരിലെ ചുമട്ടു തൊഴിലാളികളാണ് നഗരത്തിലെ എയിഡഡ്-സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ സമ്മാനിച്ച് കുരുന്നുമനസ്സുകളുടെ സ്‌നേഹമനസ്സില്‍ ഇടം നേടിയത് .
ഗുരുവായൂര്‍ ജി.യു.പി സ്‌കൂള്‍, എ.യു.പി സ്‌കൂള്‍, തിരുവെങ്കിടം എ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ 350-ഓളം കുട്ടികള്‍ക്കാണ് ഇവര്‍ പഠനോപകരണങ്ങള്‍ നല്‍കിയത്. ഇതിനായി സ്‌പോണ്‍സര്‍മാരോ മറ്റ് പിരിവുകളോ നടത്തിയിട്ടില്ല. കിഴക്കേനടയിലെ 11-ാം പൂളിലുള്ള 44 തൊഴിലാളികള്‍ ദിവസവും തങ്ങള്‍ക്ക് ലഭിക്കുന്ന കൂലിയില്‍ നിന്ന് ഒരു വിഹിതം മാറ്റിവെക്കും. ഇങ്ങനെ മാറ്റിവെച്ച് മിച്ചം പിടിച്ച 35000 രൂപയോളം ചിലവിട്ടാണ് പഠനോപകരണങ്ങള്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷവും ഈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ എന്ന നിലക്കാണ് സര്‍ക്കാര്‍ – എയിഡഡ് സ്‌കൂളുകള്‍ തെരഞ്ഞെടുത്തത്. വരും വര്‍ഷങ്ങളില്‍ ഒന്നു കൂടി വിപുലമായ രീതിയിലായിരിക്കും പഠനോപകരണ വിതരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
തിരുവെങ്കിടം എ.എല്‍.പിസ്‌കൂളില്‍ കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ജി.യു.പിസ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ ശാന്തകുമാരി, എ.യു.പിസ്‌കൂളില്‍ ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ എന്നിവര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചുമട്ടുതൊഴിലാളി യൂണിയന്‍ സെക്രട്ടറി കെ.എ പുഷ്‌കരന്‍, കെ.സി ചന്ദ്രന്‍, കെ. ഡേവിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Macare health second

Comments are closed.