തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക് – സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്

തിരുവത്ര : തിരുവത്ര കോട്ടപ്പുറത്ത് സംഘർഷം മൂന്നു കോൺഗ്രസ്സ് പ്രവർത്തകർക്ക് പരിക്ക്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വാർഡ് കൗൺസിലറുടെയും നേതൃത്വത്തിൽ യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചെന്ന് കോൺഗ്രസ്സ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ പുത്തൻകടപ്പുറം സ്വദേശികളായ കാളീടകത്ത് ബിലാൽ (19), ചാലിൽ അഫ്നാസ് (19), ചാലിൽ മിഥ്ലാജ് (19) എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ യുവാക്കളെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഗുരുതരമായ പരിക്കുകൾ ഉള്ളതിനാൽ വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം ഏഴുമണിയോടെ കോട്ടപ്പുറം സെന്ററിൽ കിഴക്ക് സർവീസ് റോഡിലാണ് സംഭവം. റോഡരികിലെ തട്ട് കടയിൽ നിന്നും ചായകുടിച്ചിറങ്ങിയ സുഹൃത്തുക്കളായ അഞ്ചുപേർ റോഡിൽ നിന്ന് സെൽഫി എടുക്കുന്ന സമയം അതുവഴി വന്ന ഓട്ടോ റിക്ഷയുടെ വഴി തടസപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സി പി എം സ്ഥലം ബ്രാഞ്ച് സെക്രട്ടറിയും വാർഡ് കൗൺസിലറുമായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. റോഡിൽ നിന്നും നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതാണ് വാക്കുതർക്കം ഉണ്ടാവാൻ കാരണമെന്ന് പറയുന്നു. സംഭവമറിഞ്ഞു ആളുകൾ കൂടി. ഇതിനിടെ ബ്രാഞ്ച് സെക്രട്ടിയെ യുവാക്കളിലാരോ അടിച്ചതോടെയാണ് സീൻ മാറിയത്. അടിനടന്ന ഉടനെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. രണ്ടു പേർ മർദനമേറ്റ് ഓടി രക്ഷപ്പെട്ടു. ബിലാലിനെ ആൾക്കൂട്ടം പിടികൂടി പോലീസിൽ ഏല്പിക്കുകയും ചെയ്തു. ബിലാലിനെ ആൾക്കൂട്ടം തഞ്ഞുവെച്ച് മർദിച്ചതായാണ് പരാതി.

Comments are closed.