കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും അക്രമിച്ചതായി പരാതി
പുന്നയൂർക്കുളം : കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും അക്രമിച്ചതായി പരാതി. മന്നലാംകുന്ന് സ്വദേശികളായ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.ടി.യു മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറിയുമായ പടിഞ്ഞാറയിൽ നസീർ(49), സഹോദരൻ ഷാഹുൽ ഹമീദ് (41), ബന്ധുക്കളായ പടിഞ്ഞാറയിൽ ഷഹീർ(39), കോട്ടപ്പുറത്ത് ബാദുഷ(46) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നസീറിനെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.
മന്നലാംകുന്ന് സ്വദേശികളായ മൂന്ന് പേർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. നസീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതിനെ ചൊല്ലി വ്യാഴാഴ്ച രാത്രിയിൽ ആക്രമികളുമായി നസീർ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് വെള്ളിയാഴ്ച രാത്രിയിലുണ്ടായ മർദ്ധനം. മന്നലാംകുന്ന് ബീച്ചിൽ നിൽക്കുകയായിരുന്ന നസീറിനെ സംഘം അക്രമിക്കുന്നതറിഞ്ഞു ബീച്ചിന് സമീപത്തെ തങ്ങളുടെ വീടുകളിൽ നിന്ന് ഓടിയെത്തിയ സഹോദരന്മാരെയും സംഘം അക്രമിക്കുകയായിരുന്നു എന്നാണ് പരാതി. വർഷങ്ങളായി ലഹരി വസ്തുക്കൾ കച്ചവടം നടത്തുന്നയാളാണെന്നും ഇവരുടെ പേരിൽ വടക്കേക്കാട് പോലീസിൽ മുൻപും കേസുള്ളതായും പരിക്കേറ്റവർ പറഞ്ഞു.
Comments are closed.