ചിങ്ങനാത്ത് പാലം, റോഡ് നിർമ്മാണം നടപടികൾ തുടങ്ങി – സ്ഥലമുടമകളുമായി സംവദിച്ച് അധികൃതർ
ചാവക്കാട് : കനോലി കനാലിനു കുറുകെ കോട്ടപ്പുറം – പുന്ന ചിങ്ങനാത്ത് കടവിൽ ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെ യോഗം അധികൃതർ വിളിച്ചു കൂട്ടി.
ഏറ്റെടുക്കുന്ന സ്ഥലം, നഷ്ട പരിഹാരം എന്നിവയെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.
സ്ഥലമുടമകളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിനും സർവ്വേ നടപടികൾ തുടങ്ങുന്നതിനും യോഗത്തിൽ തീരുമാനമായി.
എൻ കെ അക്ബർ എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ശ്രീജാ പ്രശാന്ത്, സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ. കൗൺസിലർമാരായ ശാഹിത, ഉമ്മർ, സ്മൃതി മനോജ്, കെ ആർ എഫ് ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത്, അസി. എഞ്ചിനീയർ മൈഥിലി എന്നിവർ പങ്കെടുത്തു
പൊന്നാനി ചാവക്കാട് ദേശീയപാത പതിനേഴില്‍ല്‍നിന്ന് കുന്നംകുളം-ചാവക്കാട് നഗരം എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ചിങ്ങനാത്ത് പാലം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന രീതിയില്‍ പുതുക്കിപ്പണിയണമെന്നത് നാട്ടുകാരുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ്. നിലവില്‍ ദേശീയപാതയില്‍ ചാവക്കാട് ഭാഗത്തേക്ക് വരാന്‍ കനോലികനാലിന് കുറുകെ ചെറുപാലങ്ങള്‍ പലതുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്ന പാലങ്ങളോ റോഡോ ഇല്ലാത്തത് പോരായ്മയാണ്.
ദേശീയപാതയില്‍നിന്ന് ചാവക്കാട് ഭാഗത്തേക്ക് എളുപ്പത്തിലെത്താന്‍ കനോലികനാലിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിനും അപ്രോച്ച് റോഡിനുമായി 40 കോടി രൂപ വകയിരുത്തിയതായി 2017 ൽ കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അറിയിച്ചിരുന്നു.
ഇവിടെ പാലം വരുന്നതോടെ ചാവക്കാട് ടൌണില്‍ പ്രവേശിക്കാതെ തന്നെ കുന്നംകുളം ഗുരുവായൂര്‍ ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആസ്പത്രിയിലേക്ക് ദേശീയപാതയിലൂടെ വരുന്നവര്‍ക്കും ഈ വഴി എളുപ്പമാവും.കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡില്‍ (കിഫ്ബി) ഉള്‍പ്പെടുത്തി നാല്പതു കോടി വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
Comments are closed.