സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി – സി പി ഐ നേതൃത്വം ആവശ്യപ്പെട്ടിട്ടും പിന്മാറിയില്ല

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ് 17 ൽ സി പി എമ്മിനെതിരെ ചെണ്ടയുമായി സിപിഐ സ്ഥാനാർഥി. പാർട്ടി ആവശ്യപ്പെട്ടിട്ടും പിന്മാറാതെ സി പി ഐ നിർത്തിയ സ്ഥാനാർഥി മുജി മുജിൽ കബീർ. സി പി എം, സി പി ഐ സീറ്റ് തർക്കം നിലനിൽക്കേ പത്രിക സമർപ്പിക്കാനുള്ള അവസാന സമയത്ത് സി പി എമ്മിനെതിരെ സി പി ഐ അഞ്ചിടങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിരുന്നു. പിന്നീട് സി പി എമ്മുമായുള്ള ധാരണയിൽ എൽ ഡി എഫ് പട്ടികയിൽ ഇല്ലാത്ത സി പി ഐ സ്ഥാനാർഥികളെ പിൻവലിച്ചിരുന്നു. എന്നാൽ വാർഡ് 17 ലെ സ്ഥാനാർഥി കബീർ തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ തയ്യാറായില്ല. പിന്നീട് പാർട്ടി ചിഹ്നം പിൻവലിക്കുകയും സ്വതന്ത്രനായി ചെണ്ട അടയാളത്തിൽ മത്സര രംഗത്ത് സജീവമാവുകയുമാണ് കബീർ. പി യതീന്ദ്രദാസാണ് ഇവിടെ സി പി എം സ്ഥാനാർഥി.

2010 ൽ യു ഡി എഫ് വാർഡ് സെക്രട്ടറിയായിരുന്നു കബീർ. അന്ന് യു ഡി എഫ് സ്ഥാനാർഥിക്കെതിരെ റിബലായി മത്സരിച്ചിരുന്നു. എൻ കെ അക്ബർ ആയിരുന്നു അന്ന് വാർഡ് 17 ലെ എൽ ഡി എഫ് സ്ഥാനാർഥി.
അഞ്ചു സ്ഥാനാർഥികളാണ് വാർഡ് 17 ൽ നിലവിൽ മത്സര രംഗത്തുള്ളത്. എൽ ഡി എഫ്, യു ഡി എഫ് ( ബിനീഷ്), എൻ ഡി എ, രണ്ടു സ്വതന്ത്രർ. തുടർച്ചയായി സി പി എം സ്ഥാനാർഥികൾ ജയിച്ചു വരുന്ന വാർഡ് 17 ൽ കഴിഞ്ഞ തവണ ബി ജെ പി യായിരുന്നു രണ്ടാം സ്ഥാനത്ത്.

Comments are closed.