ഹൈവേ പാലം നിർമ്മാണത്തിനിടെ സ്ലാബ് റോഡിലേക്ക് പതിച്ചു – വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

എടക്കഴിയൂർ : ദേശീയ പാത 66 പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവീസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവീസ് റോഡിലേക്കാണ് സ്ലാബ് വീണത്. പതിനാറടി ഉയരത്തിൽ നിന്നും താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം വരുന്ന സ്ലാബിൽ നിന്നും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അതുവഴി പോവുകയായിരുന്ന വാഗണർ കാർ രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. പാലം നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുകളിൽ നിന്നും സ്ലാബ് അടർന്നു വീഴുകയായിരുന്നു. ഉടൻതന്നെ എസ്ക്കവേറ്റർ കൊണ്ടുവന്നു സ്ലാബ് നീക്കം ചെയ്ത് മുടങ്ങിയ ഗതാഗതം പുനസ്ഥാപിച്ചു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് മണത്തല ശിവ ക്ഷേത്രത്തിനു മുന്നിലെ പാലത്തിന് മുകളിൽ നിന്നും ക്രെയിൻ വീണിരുന്നു. പാലത്തിന്റെ ഒരു വശം ഇടിഞ്ഞാണ് നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിൻ താഴേക്ക് പതിച്ചത്. റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് അന്നും രക്ഷയായി.
ഹൈവേ നിർമ്മാണ പ്രവർത്തികളിൽ യാതൊരു വിത സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് മുറവിളികൂട്ടാൻ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും അപകടങ്ങൾ തുടരുകയാണ്.

Comments are closed.