എൺപതുകാരന് ചാവക്കാട് പോലീസിന്റെ ക്രൂര മർദ്ദനം – കേൾവിയും പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും ദേഹമാസകലവും പരിക്കേറ്റ് വയോധികൻ ആശുപത്രിയിൽ
ചാവക്കാട് : എൺപതുകാരനെ ചാവക്കാട് പോലീസ് സേ്റ്റഷനിൽ ക്രൂരമർദനത്തിനിരയാക്കിയതായി പരാതി. മർദനത്തിനിരയായ കോഴികുളങ്ങര പുതുവീട്ടിൽ പി വി അഷറഫലി (80) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ.
ബന്ധുക്കൾ നൽകിയ പരാതിയിലാണ് ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വയോധികനെ പോലീസ് സേ്റ്റഷനിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് മുറിയിലെ ലൈറ്റും ഫാനും ഓഫാക്കി മൃഗങ്ങൾപോലും നാണിക്കുന്ന തരത്തിൽ ഭീതിതമായ മർദനത്തിനിരയാക്കുകയായിരുന്നെന്നു അഷറഫലി പറയുന്നു.
മർദനത്തിൽ കേൾവിയും പല്ലും നഷ്ടപ്പെട്ട് നട്ടെല്ലിനും ദേഹമാസകലവും പരിക്കേറ്റ് അഷറഫലി ദിവസങ്ങളായി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിൽസയിലാണ്.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി നടപടിക്ക് കാത്തിരിക്കുകയാണ് അഷറഫലി.
അഞ്ചുപെൺമക്കളാണ് അഷറഫലിക്കുള്ളത്. തന്നെയും ഭാര്യയേയും വിവാഹം കഴിയാത്ത ഒരുമകളേയും നോക്കികൊള്ളാമെന്ന വ്യവസ്ഥയിൽ സ്വത്തുക്കൾ മറ്റൊരു മകളുടെ പേരിൽ എഴുതി കൊടുത്തതോടെയാണ് കുടുംബ കലഹം ആരംഭിക്കുന്നത്. ഇതിനിടയിൽ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യയും മകളും അഷറഫലിക്കെതിരെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇത് കള്ളകേസാണെന്നാണ് അഷറഫലി പറയുന്നത്. ഈ കേസിൽ കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഉത്തരവ് അഷറഫലി ലംഘിച്ചുവെന്ന പരാതിയിലാണ് പോലീസ് അഷറഫലിയെ സേ്റ്റഷനിൽ വിളിപ്പിച്ച് ഭേദ്യം ചെയ്തത്. വീടു വിട്ട് പോകണമെന്ന് പറഞ്ഞാണ് ഇൻസ്‌പെക്ടർ മർദിച്ചതെന്ന് അഷറഫലി പറഞ്ഞു. പോയില്ലെങ്കിൽ കൊന്നുകളയുമെന്നും അനാഥശവമാക്കി മാറ്റുമെന്നും പോലീസ് ഭീക്ഷണിപെടുത്തിയെന്നും പറയുന്നു.
രാവിലെ 10 ന് സേ്റ്റഷനിലെത്തിയ അഷറഫലിയെ വൈകീട്ട് ആറിന് വീഡിയോ കോൺഫറൻസ് വഴി കൊടുങ്ങല്ലൂർ മജിസ്‌റ്റ്രേിന്റെ മുമ്പാകെയാണ് ചാവക്കാട് പോലീസ് ഹാജരാക്കിയത്. പോലീസ് മർദിച്ച കാര്യങ്ങൾ അഷറഫലി മജിസ്ട്രറ്റ് മുമ്പാകെ മൊഴി നൽിയിരുന്നു. തുടർന്ന് റിമാന്റ് ചെയ്ത ജയിലിൽ അടച്ച അഷറഫലിയെ ജയിൽ അധികൃതർ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ജാമ്യം ലഭിച്ചതിനു ശേഷമാണ് അഷറഫലി ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിച്ചത്.
പോലീസ് സേ്റ്റഷനിലേക്ക് പോകാൻ ഉപയോഗിച്ച സ്‌ക്കൂട്ടറും കയ്യിലുണ്ടായിരുന്ന ഫോണും പോലീസ് തിരിച്ചു തന്നിട്ടില്ലെന്നും അഷറഫലി പറഞ്ഞു.
കുറച്ചു നാളുകൾക്ക് മുമ്പ് പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു അഷറഫലി പ്രായാധിക്യത്തെതുടർന്ന് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ഫോട്ടോ : പോലീസ് മർദനത്തിൽ പരിക്കേറ്റ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പി വി അഷറഫലി.
Comments are closed.