പനി മരണം – സംസ്ഥാന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ വീടും പരിസരവും സന്ദർശിച്ചു

വടക്കേക്കാട് : ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ആരോഗ്യ സർവ്വകലാശാലയിലെ കമ്മ്യൂണിറ്റി വിഭാഗം വടക്കേക്കാട് എത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചന്നൂർ കടിച്ചാൽ കടവ് ഭാഗത്ത് താമസിക്കുന്ന 15 വയസ്സുകാരൻ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ആരോഗ്യ സർവകലാശാല കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസർ ഡോക്ടർ നിലീന കോശിയുടെയും മൈക്രോ ബയോളജി വിഭാഗം ജില്ലാ ജൂനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ നിർമ്മൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വടക്കേകാട് എത്തിയത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ യോഗത്തിനുശേഷം മരിച്ച കുട്ടിയുടെ വീടും പരിസരത്തെ വീടുകളിലും സംഘം സന്ദർശനം നടത്തി വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.

സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ നിത, ഹെൽത്ത് സൂപ്പർവൈസർ ശ്രീബി ജോഷ്, ഹെൽത്ത് ഇൻസ്പെക്ടർ പി ജി അശോകൻ, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ അൻവർ ഷരീഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം സി എച്ച് സി വടക്കേക്കാട് ജീവനക്കാർക്ക് സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ നിർദ്ദേശങ്ങൾ നൽകുകയും നാട്ടുകാരോട് ആശങ്കപ്പെടേണ്ടതില്ലെന്നും കമ്മ്യൂണിറ്റി വിഭാഗം പ്രൊഫസർ ഡോക്ടർ നിലീന കോശി, സൂപ്രണ്ട് ഡോക്ടർ ടി ജി നിത എന്നിവർ അറിയിച്ചു.

Comments are closed.