മണത്തല വിശ്വനാഥ ക്ഷേത്രോത്സവത്തിനു കൊടിയേറി – എഴുന്നെള്ളിപ്പ് 27 ന്, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ 27 ആനകള്‍
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനു ശിവരാത്രി ദിനമായ ശനിയാഴ്ച കൊടിയേറി. ഉത്സവം ഈ മാസം 27-ന് ആഘോഷിക്കും. കൂട്ടിയെഴുന്നള്ളിപ്പില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ 27 ആനകള്‍ അണിനിരക്കും. ഇനി ഉത്സവം വരെയുള്ള ദിനങ്ങളിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി ദിവസവും താന്ത്രിക കര്‍മ്മങ്ങള്‍ക്ക് പുറമെ വിവിധ കലാപരിപാടികളും അരങ്ങേറും.
ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍ കുട്ടി, മേല്‍ ശാന്തി ശിവാനന്ദന്‍ ശാന്തി എന്നിവരുടെ കാർമികത്വത്തിലാണ് കൊടി ഉയർത്തിയത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സി. സി. വിജയന്‍, സെക്രട്ടറി കെ. ആര്‍. രമേശ് വൈസ് പ്രസിഡന്റുമാരായ കെ. എ. വേലായുധന്‍, എന്‍. ജി. പ്രവീണ്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ. എന്‍. പരമേശ്വരന്‍, കെ കെ സതീന്ദ്രൻ, ഖജാന്‍ജി എ. എ. ജയകുമാര്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഷിജി പൊന്നരാശേരി എന്നിവർ നേതൃത്വം നൽകി.
ഉത്സവത്തലേന്ന് 26-ന് പള്ളി വേട്ട നടക്കും. 26-ന് ദീപാരാധനക്ക് മുമ്പ് കേളി, കൊമ്പുപയറ്റ്, കുഴല്‍പറ്റ് തുടര്‍ന്ന് തായമ്പക എന്നിവ ഉണ്ടാകും. ഉത്സവദിനമായ 27-ന് രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടാവും. ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍ കുട്ടി, മേല്‍ ശാന്തി ശിവാനന്ദന്‍ ശാന്തി തുടങ്ങിയവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
വൈകീട്ട് മൂന്നിന് ശ്രീ ശങ്കരപുരം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിക്കും. കോഴിക്കുളങ്ങര, ദൃശ്യ, പുഞ്ചിരി, ശ്രീബ്രഹ്മ, തൃലോക്, സനാതന, ശ്രീശിവലിംഗദാസ, സമന്വയ ശ്രീഗുരുദേവ, തത്വമസി, ശ്രീ ഗുരുശക്തി, മഹേശ്വര, ശ്രീനാരായണസംഘം മടേക്കടവ് തുടങ്ങീ വിവിധ കരങ്ങളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ വൈകീട്ട് 6.45-ന് ക്ഷേത്രത്തിലെത്തും. വിവിധ വാദ്യങ്ങള്‍, കലാരൂപങ്ങള്‍, കാവടികള്‍ എന്നിവ എഴുന്നളളിപ്പുകള്‍ക്ക് അകമ്പടിയാവും. രാത്രി എട്ടിന് കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിക്കും.
കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം രാത്രി പത്തിന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.
Comments are closed.