ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ്

ചാവക്കാട് : ടെണ്ടർ നടപടി പൂർത്തിയായി. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് ഓണത്തിന് മുൻപ് പ്രവർത്തനം തുടങ്ങും. ടെണ്ടർ ലഭിച്ചത് നാട്ടുകാർക്ക് തന്നെ. പതിനഞ്ചു ലക്ഷം രൂപ കെട്ടിവെച്ച് ബിബിസി (ബീച്ച് ബ്രദേഴ്സ് ചാവക്കാട് ) ടൂറിസം കമ്പനിക്കാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്ന് അനുമതി ലഭിച്ചിട്ടുള്ളത്.
കരയിൽ നിന്നും കടലിലേക്ക് നൂറു മീറ്റർ നീളത്തിൽ പാലം പണിയും. അൻപത് ലക്ഷം രൂപയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമാണത്തിന് ചിലവ് കണക്കാക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരത്തോടെ തിരകൾക്കൊപ്പം ആടിയുലഞ്ഞ് ഉല്ലസിക്കാൻ ബ്രിഡ്ജ് തയ്യാറാകുമെന്ന് ബിബിസി ടൂറിസം കമ്പനി അധികൃതർ പറഞ്ഞു.
നിലവിൽ ബോട്ടിങ്, ബഗി (ബീച്ച് ബൈക്ക് ) എന്നിവ ബിബിസി ടൂറിസംത്തിന്റെതായി ബ്ലാങ്ങാട് ബീച്ചിൽ പ്രവർത്തിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ബീച്ചിലാണ് കേരളത്തിൽ ആദ്യമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിലവിൽ വന്നത്. വലിയ സ്വീകാര്യതയാണ് സഞ്ചാരികളിൽ നിന്നും ലഭിച്ചത്. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പത്തു ജില്ലകളിൽ കൂടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചിരുന്നു.
തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ചാവക്കാട് ബ്ലാങ്ങാട് ബീച്ചിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ എം. എൽ. എ എൻ കെ അക്ബർ പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്തിനെ തുടർന്നാണ് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് വരുന്നത്.


Comments are closed.