ഈശ്വരൻ കാത്തു… വൻ ദുരന്തം ഒഴിവായി – പാലത്തിൽ നിന്നും ക്രെയിൻ റോഡിലേക്ക് മറിഞ്ഞു അപകടം

ചാവക്കാട്: മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം ദേശീയപാത നിർമ്മാണത്തിനിടെ പാലത്തിന്റെ മുകളിൽ നിന്നും ക്രെയിൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സർവീസ് റോഡിൽ മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട ക്രെയിൻ പാലത്തിൽ നിന്നും താഴേക്ക് തെറിച്ചു വീഴുകയും സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചു നിൽക്കുകയും ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.

ഈശ്വരൻ കാത്തു.. വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.. പരിസരത്തെ ഷോപ്പ് ഉടമ പറഞ്ഞു. വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ ക്രെയിൻ മുകളിൽ നിന്നും ഉരുണ്ട് വരുന്നതാണ് കണ്ടതെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ഏറെ നേരം ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി നിലക്കുകയും ചെയ്തു. നാഷണൽ ഹൈവേ നിർമ്മാണ തൊഴിലാളികൾ ലൈസൻസില്ലാതെയാണ് ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് എന്ന് ആരോപണമുണ്ട്.

Comments are closed.