ഗുരുവായൂരിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് എം എല്‍ എ വിനിയോഗിച്ചില്ല – സിഎന്‍ ബാലകൃഷ്ണന്‍
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് ഗുരുവായൂരിന്റെ ജനപ്രതിനിധി വേണ്ടവിധത്തില്‍ വിനിയോഗിച്ചില്ലന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം ജനപ്രതിനിധി സഹകാരി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടികണക്കിന് രൂപയാണ് ഓരോ മണ്ഡലത്തിലും വികസനത്തിനായി സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം ഗുരുവായൂരില്‍ എന്തെങ്കിലും വികസനം നടന്നിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അഴുക്കുചാല്‍ പൂര്‍ത്തീകരണം പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതാണ്. ഇപ്പോഴും എങ്ങുമെത്തിയില്ല. കോടികണക്കിനു രൂപയുടെ മിഷിനറികള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ഏറ്റവും വലിയ തീര്‍ഥാടന നഗരിയുടെ വികസനത്തിന് എം എല്‍ എ മൗനം പാലിച്ചു. ദിനം പ്രതി ആയിരങ്ങളാണ് തീര്‍ത്ഥാടനത്തിനെത്തുന്നത്. ഇവിടെ ഭക്തര്‍ക്കായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. മണ്ഡലത്തിന്റെ 10 വര്‍ഷത്തെ വികസന മുരടിപ്പിന് പരിഹാരം കാണാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം.സാദിഖലിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി എക്‌സിക്യുട്ടീവ് അംഗം പി കെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ്, സി എ റഷീദ്, എ അലാവുദ്ദീന്‍, പി യതീന്ദ്രദാസ്, ആര്‍ രവികുമാര്‍, വി കെ ഫസലുല്‍ അലി, എ കെ അബ്ദുള്‍ കരീം, കെ ജെ ചാക്കോ, പി എം മുജീബ്, ഹാഷിദ കുണ്ടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.
Comments are closed.