mehandi new

മക്കള്‍ തെരുവിലെറിഞ്ഞ രണ്ടു വൃദ്ധന്മാര്‍ ഇനി സ്നേഹാലയത്തില്‍

fairy tale

ചാവക്കാട്: സംരക്ഷിക്കാനാവില്ലെന്ന് മക്കള്‍ കോടതി മുമ്പാകെ പറഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ അച്ഛന്‍മാര്‍ അത് കേട്ടുനിന്നത്. ജീവിത സായാഹ്നത്തില്‍ തെരുവിലേക്ക് തള്ളപ്പെട്ട രണ്ട് അച്ചന്മാരുടെ കണ്ണീരില്‍ കുതിര്‍ന്ന ജീവിതാനുഭവത്തിനാണ് വെള്ളിയാഴ്ച ചാവക്കാട് താലൂക്ക് ആസ്പത്രി സാക്ഷ്യം വഹിച്ചത്.
കടപ്പുറം സ്വദേശി കാവുങ്ങല്‍ അബ്ദുള്‍ ഖാദറും, ഷൊറണൂര്‍ കവളപ്പാറ സ്വദേശി കെഴിക്കോട്ടില്‍ മാധവനുമാണ് ഇവര്‍. നാളുകളായി തെരുവിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. അവരുടെ ദുരിതജീവിതത്തില്‍ കൈത്താങ്ങായി കരുണവറ്റാത്ത ചില മനുഷ്യരും ചാവക്കാട് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി പാരാ വളന്റിയര്‍മാരും എത്തുകയായിരുന്നു.
ഇവരുടെ ദൈന്യാവസ്ഥ നേരില്‍ക്കണ്ട ചാവക്കാട് പള്‍സ് കോ-ഓര്‍ഡിനേറ്റര്‍ ശശി പഞ്ചവടി തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലീഗല്‍ അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ മുജിബ് റഹ്മാനോട് ഈ വയോധികരുടെ ദൈന്യാവസ്ഥ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ചാവക്കാട് ലീഗല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.എ. ഹരികുമാറിന്റെ മുന്നിലെത്തിയ ഇരുവരുടെയും മക്കള്‍ പിതാക്കളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.
സ്‌നേഹാലയത്തിലേക്ക് ഇവരെ യാത്രയാക്കാന്‍ താലൂക്ക് ആസ്പത്രി സൂപ്രണ്ട് എം.എം. മിനിമോള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. ഒരു മാസമായി താലൂക്ക് ആസ്പത്രിയില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ ഖാദറെയും മാധവനെയും ഓരേ വാഹനത്തിലാണ് സ്‌നേഹാലയത്തിലേക്ക് കൊണ്ടുപോയത്.
പ്രവാസ ജീവിതത്തിനുടമയാണ് 72കാരനായ അബ്ദുല്‍ഖാദര്‍. കാല്‍ നൂറ്റാണ്ടിലേറെ ഗള്‍ഫിലും ഒരു പതിറ്റാണ്ട് ബെംഗളൂരുവിലും പണിയെടുത്ത അബ്ദുള്‍ഖാദര്‍ ഏട്ടു വര്‍ഷമായി എടക്കഴിയൂരിലെ ഒറ്റമുറിയില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു.
സമീപത്തെ താമസക്കാരായ മജീദും, പൊതുപ്രവര്‍ത്തകനായ അയ്യത്തേയില്‍ കാസീമുമാണ് പിന്നീട് പരിചരിച്ചതും ഭക്ഷണം നല്‍കിയതും. ഇതിനിടയില്‍ വാതം പിടിപെട്ടു. കാല്‍വഴുതി വീണ് ദീര്‍ഘനാള്‍ കിടപ്പിലുമായി.
പ്രാഥമിക കാര്യം ഉള്‍പ്പെടെ ഒന്നും ചെയ്യാന്‍ പറ്റാതെയായി. ഈ അവസ്ഥയിലാണ് ചാവക്കാട് ലീഗല്‍ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം ഖാദറിനെ പാരാലീഗല്‍ വളന്റിയര്‍മാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരിന് സമീപത്തെ കാട്പാടിയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു മാധവന്‍. മുപ്പത്തഞ്ചുവര്‍ഷം ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന കുടുംബത്തോടൊപ്പം അവിടെ ജീവിച്ചു. അസുഖം ബാധിച്ചതോടെ ആണ്‍മക്കള്‍ നോക്കാതായി. അതിനുശേഷം മരുമകനും മാധവനെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു.
വാര്‍ദ്ധക്യം വകവെക്കാതെ പഴയ ഹോട്ടല്‍പ്പണിതേടി അലഞ്ഞു. ജോലിതേടി ഒരിക്കല്‍ ഗുരുവായൂരിലെത്തിയപ്പോള്‍ അവശതമൂലം തളര്‍ന്ന് ഓടയില്‍വീണ് കാലിലെ എല്ലുപൊട്ടി. ആസ്പത്രി അധികൃതര്‍ ചാവക്കാട് താലൂക്ക് പി.എല്‍.വി. സംഘത്തെ വിവരം ധരിപ്പിക്കുകയായിരുന്നു.

planet fashion

Comments are closed.