Header

കൊടും ചൂടില്‍ നാടുരുകുന്നു – ഉത്തരവുകള്‍ കാറ്റില്‍ പറത്തി സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസ്

ചാവക്കാട്: ഒഴിവുകാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തി മേഖലയിലെ സ്കൂളുകളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നടക്കുന്നു. ചില സ്കൂളുകളില്‍ ഒന്‍പതാം തരം വിദ്യാര്‍ഥികള്‍ക്കും പഠനം ആരംഭിച്ചിട്ടുണ്ട്. കരിഞ്ഞുണങ്ങുന്ന ചൂടില്‍ കുടിവെള്ളം പോലും കിട്ടാകനിയായ സമയത്ത് ഇത്തരം ക്ലാസ്സുകള്‍ കുട്ടികള്‍ക്ക് പീഡനമാവുകയാണ്.
കൊടും വേനലിലെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അധ്യയനം പാടില്ലെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് മമ്മിയൂര്‍ എല്‍.എഫ് സ്കൂളിലാണ് പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ക്ളാസ് നടക്കുന്നത്. കുട്ടികള്‍ പുസ്തകം വാങ്ങാനത്തെിയതാണെന്നാണ് സ്കൂള്‍ അധികൃതരുടെ ഭാഷ്യം.
മമ്മിയൂര്‍ എല്‍.എഫ്.സി. ഗേള്‍സ് ഹൈസ്കൂളിലാണ് ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ക്ളാസ് നടന്നത്. ഇപ്രാവശ്യം ഒമ്പതാം ക്ളാസില്‍ നിന്ന് വിജയിച്ച് പത്തിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് അവധിക്കാല ക്ളാസ് നടത്തിയത്. സാധാരണ സ്കൂള്‍ തുടങ്ങുന്ന സമയം മുതല്‍ വൈകുന്നേരം വരേയാണ് ക്ളാസ് നടന്നത്. പല വിദ്യാര്‍ത്ഥിനികതളും സൈക്കിളുകളിലാണ് സ്കൂളിലത്തെിയത്. ജില്ലയിലെ സ്കൂളുകളില്‍ നടക്കുന്ന അവധിക്കാല ക്ളാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന 16നു ശേഷം മാത്രമേ സ്വകാര്യ അണ്‍എയ്ഡ്, സി.ബി.എസ്.ഇ സ്കൂളുകള്‍ തുറക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. വേനല്‍ച്ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ മറ്റു ജില്ലകളിലെന്ന പോലെ തൃശൂര്‍ ജില്ലയിലും വേനലവധി ക്ളാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്ന് കളക്ടര്‍ക്ക് ജില്ലാ പി.ടി.എ നിവേദനം നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ ഉള്‍പ്പടെ സംസ്ഥാന വിദ്യാഭ്യാസ അധികൃതരുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും നിര്‍ദ്ദേശം ലംഘിച്ചാണ് മമ്മിയൂര്‍ എല്‍.എഫ് ഗേള്‍സ് ഹൈസ്കൂള്‍ അധികൃതര്‍ അവധിക്കാല ക്ളാസുകള്‍ക്ക് തുടക്കമിട്ടത്. വേനല്‍ ചൂടിലെ ഉഷ്ണ തരംഗം കണക്കിലെടുത്ത് അധ്യയനം പാടില്ലെന്ന നിര്‍ദേശം ലംഘിച്ച തിരുവന്തപുരത്തെ സ്വകാര്യ സ്കൂളിനെതിരെ തിരുവനന്തപുരം കളക്ടര്‍ ബിജു പ്രഭാകര്‍ നടപെടിയെടുത്തിരുന്നു. അതേസമയം സ്കൂളില്‍ ക്ളാസ് നടന്നിരുന്നില്ലെന്നാണ് ഹെഡ് മിസ്ട്രസ് പറയുന്നത്. കുട്ടികള്‍ പാഠ പുസ്തകം വാങ്ങാനത്തെിയതാണെന്നും വേനല്‍ ചൂട് കണക്കിലെടുത്താണ് വൈകുന്നേരം വരെ പറഞ്ഞയക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. നാളെയും മറ്റെന്നാളും ക്ളാസില്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു. പുസ്തകം വാങ്ങിക്കാനെത്തിയതെന്നു പറയുന്ന വിദ്യാര്‍ഥികള്‍ യൂണിഫോം ധരിച്ചാണ് എത്തിയിരുന്നത്. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും ക്ളാസുണ്ടായിരുന്നുവെന്നും പുതിയ പുസ്തകം ലഭിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ജില്ലാകളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് തന്നെയാണ് തിങ്കളാഴ്ച്ചയും ക്ളാസ് നടക്കുക.

Comments are closed.