mehandi new

ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ടു ദിവസങ്ങളിൽ – ഡിസംബർ 3നും 4നും തീരുമാനമായി

fairy tale

ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ഏകാദശി സാധാരണയിൽ നിന്നും വ്യത്യസ്ഥമായി രണ്ടു ദിവസങ്ങളിലായി  ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു.

ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി വരുന്നത്.
57.38 നാഴിക ഏകാദശിയായി വരുന്നത് വൃശ്ചികം 17ാം തീയതിയായ ഡിസംബർ 3 നാണ്. ഈ പ്രത്യേക സാഹചര്യത്തിലാണ് ക്ഷേത്രം തന്ത്രിയുടെയും ഊരാളൻ്റെയും അഭിപ്രായ മനുസരിച്ച് ഡിസംബർ 3ന് ഏകാദശിയായി ആഘോഷിക്കാൻ നേരത്തെ നിശ്ചയിച്ചത്. പിന്നീട് ജ്യോതിഷ പണ്ഡിതൻമാരുടെയും വൈദികരുടെയും അഭിപ്രായം കൂടി പരിഗണിച്ച് 1992-93 വർഷങ്ങളിൽ സമാന സാഹചര്യത്തിൽ ദേവസ്വം സ്വീകരിച്ച നടപടിക്രമം കൂടി കണക്കിലെടുത്ത് ഇത്തവണ വൃശ്ചികം 18 നും (ഡിസംബർ 4) ഏകാദശി ആഘോഷിക്കാനും ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ വിളക്ക് നടത്താനും ഇന്ന് ചേർന്ന ഭരണ സമിതി യോഗം തീരുമാനിക്കുകയായിരുന്നു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും അഭിപ്രായം പരിഗണിച്ച ദേവസ്വം ഭരണസമിതി ഏകകണ്ഠമായാണ് തീരുമാനം എടുത്തത്.

ഡിസംബർ മൂന്നിനാണ് ദേവസ്വം വക ഉദയാസ്തമയ പൂജ. ഡിസംബർ 4ന് ദേവസ്വം വക വിളക്കാഘോഷം.
ഡിസംബർ 3നും 4 നും ഏകാദശി പ്രസാദ ഊട്ടും ഉണ്ടാകും.
പാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ഡിസംബർ 3ന് തന്നെ നടക്കും.
ഗജരാജൻ കേശവൻ അനുസ്മരണം ഡിസംബർ 2 ന് നടത്തും.
ചെമ്പൈ സംഗീതോൽസവം ഡിസംബർ 3ന് സമാപിക്കും.
ദ്വാദശി പണ സമർപ്പണം ഡിസംബർ 4 രാത്രി 12 മണി മുതൽ ഡിസംബർ 5 രാവിലെ 9 മണി വരെ നടക്കും.
ശീട്ടാക്കിയ വിവാഹ ചടങ്ങുകൾ പൂർത്തിയായ ശേഷം  അന്ന് ക്ഷേത്രം നട അടയ്ക്കും.

ത്രയോദശി ഊട്ട് ഡിസംബർ 6 ന് നടത്തും. 
എകാദശി ദിവസങ്ങളിൽ കാലത്ത് 6 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുവരി നിന്നുള്ള ദർശനം മാത്രമേ ഉണ്ടാകൂ.
ചോറുൺ കഴിഞ്ഞ് വരുന്നവർക്കുള്ള പ്രത്യേക ദർശനവും ഉണ്ടാകില്ല.
ശ്രീലകത്ത് നെയ്യ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശനം അനുവദിക്കും.

ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ: വി. കെ. വിജയൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, മുൻ എം പി ചെങ്ങറ സുരേന്ദ്രൻ,  കെ.ആർ. ഗോപിനാഥ്, മനോജ് ബി. നായർ, അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ എന്നിവർ സന്നിഹിതരായി.

planet fashion

Comments are closed.