ഇത്തിരി തിര.. ഒത്തിരി തിര.. മുത്തെറിയുന്ന തിര.. ചാവക്കാട് തീരമേഖലയിലെങ്ങും ആഘോഷങ്ങളുടെ തിരയടി
ചാവക്കാട് : ചാവക്കാട് തീരമേഖലയിൽ ഇനി ഉത്സവകാലം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് മേഖലയിലെ കടൽ തീരങ്ങൾ കേന്ദ്രീകരിച്ച് നിരവധി ആഘോഷങ്ങളാണ് നടക്കുന്നത്. കടപ്പുറം പഞ്ചായത്ത്, ചാവക്കാട് നഗരസഭ, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളുടെയെല്ലാം കടൽ തീരങ്ങൾ വിവിധ കലാ സാംസ്കാരിക ആഘോഷങ്ങൾക്ക് വേദിയാകുന്നു.
കടപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന കടപ്പുറം ഫെസ്റ്റ് 2023 ന് നാളെ തുടക്കമാവും.
ഡിസംബർ 23 മുതൽ 31 വരെ തൊട്ടാപ്പ് റോയൽ ബീച്ച് ഓഡിറ്റോറിയം തീരപ്രദേശത്താണ് കടപ്പുറം ഫെസ്റ്റ് 2023 എന്ന പേരിൽ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. ഡിസംബർ 27, 29, 31 തീയതികളിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കലാ സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള, കാർണിവൽ, ഷോപ്പിംഗ് വിസ്മയങ്ങൾ എന്നിവയുണ്ടാകും. 23 ന് നടക്കുന്ന കാർണിവൽ സ്വിച്ച് ഓൺ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ നിർവഹിക്കും. 27ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ കളക്ടർ കൃഷ്ണ തേജ ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും.
ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയും ചാവക്കാട് നഗരസഭയും സംയുക്തമായി ഡിസംബർ 30, 31 തിയതികളിൽ ചാവക്കാട് ബീച്ചിൽ ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കലാ സാംസ്കാരിക പരിപാടികൾക്ക് പുറമെ പാപ്പാത്തിയെ കത്തിക്കൽ, വർണ്ണമഴ എന്നിവയും ഉണ്ടാകും.
പുന്നയൂർ പഞ്ചായത്തിന്റെ ചേതന സാസ്‌കാരികോത്സവം 20 മുതൽ പഞ്ചവടി ബീച്ചിൽ ആരംഭിച്ചു. പാരമ്പര്യ കലകളെയും തനത് നാടൻ കലകളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലാസിക്കൽ ഡാൻസ്, മാർഗ്ഗംകളി, ഒപ്പന, അറബന മുട്ട് തുടങ്ങിയ നിരവധി കലാപരിപാടികൾ അരങ്ങേറും. 31 ന് പുതുവത്സരാഘോഷങ്ങളോടെ പരിപാടികൾക്ക് സമാപനമാകും.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ബീച്ച് ഫെസ്റ്റ് കമ്മിറ്റിയുടെ കീഴിൽ അണ്ടത്തോട് പെരിയമ്പലം ബീച്ചിൽ ഡിസംബർ 25 മുതൽ കാർണിവൽ ആരംഭിക്കും. 28 നു ബീച്ച് ഫെസ്റ്റിനു തുടക്കമാവും. ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന മേളയിൽ സാംസ്കാരിക ഘോഷയാത്ര, സാംസ്‌കാരിക സംഗമം, മൈലാഞ്ചി ഫെസ്റ്റ്, ഗാനമേള, ഡി ജെ ലൈവ്, കാർണിവൽ, ഫ്യൂഷൻ മ്യൂസിക് തുടങ്ങിയ പരിപാടികൾ ഉണ്ടാകും.
ഇതിനെല്ലാം പുറമെ ബാഹുബലി അണിയറ ശില്പികളുടെ കരവിരുതിൽ ഒരുക്കിയ ലണ്ടൻ സ്ട്രീറ്റും അവതാർ 2 ന്റെ ദൃശ്യ വിസ്മയങ്ങളും ഇന്ത്യയിലെ ഏറ്റവും വലിയ ജയന്റ് വീലുമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചാവക്കാട് ഫെസ്റ്റ് ചാവക്കാട് സ്റ്റേഡിയം ഗ്രൗണ്ടിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്
Comments are closed.